f

കടയ്‌ക്കാവൂർ: മദ്യപിച്ചെത്തി ഏഴുവയസുകാരിയായ മകളെ ചെരുപ്പുകൊണ്ട് അടിച്ചുപരിക്കേല്പിച്ച പിതാവ് അറസ്റ്റിൽ. മണ്ണാത്തിമൂല വടക്കേവീട്ടിൽ രാജേഷാണ് (41) കടയ്‌ക്കാവൂർ പൊലീസിന്റെ പിടിയിലായത്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഇയാൾ കുട്ടികളെ കഴിഞ്ഞ തിരുവോണദിവസം ഭാര്യയുമായി വഴക്കിട്ട് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജേഷ് ഉപദ്രവിക്കാറുണ്ടന്ന് പരിക്കേറ്റ കുട്ടി പൊലീസിനോട് പറഞ്ഞു. മർദ്ദനമേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ ബന്ധുവായ സ്ത്രീ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ആശുപത്രി അധികൃതർ ചൈൽഡ് ലൈനിലും കടയ്‌ക്കാവൂർ പൊലീസിലും വിവരമറിയിക്കുകയുമായിരുന്നു. തുടർന്നാണ് പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്. കുട്ടികളെ അമ്മയോടൊപ്പം വിട്ടയച്ചു. കടയ്‌ക്കാവൂർ സി.ഐ ശിവകുമാറിന്റെ നിർദ്ദേശപ്രകാരം എസ്.ഐ വിനോദ് വിക്രമാദിത്യൻ, വിജയകുമാർ, സി.പി.ഒമാരായ ശ്രീകുമാർ ഡി.എൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു. 2018ൽ സമാനമായ രീതിയിൽ അയൽവാസിയായ കുട്ടിയെ ദേഹോപദ്രവമേല്പിച്ച കേസിലും രാജേഷ് പ്രതിയാണ്.