abhaya

മലയിൻകീഴ്: അമ്മയുടെ വേർപാടിൽ തച്ചോട്ടുകാവിലെ അഭയ ഗ്രാമം തേങ്ങി. സുഗതകുമാരി അമ്മ ഇനി വരില്ല എന്നോർത്തപ്പോൾ അന്തേവാസികളിൽ ദുഃഖം അണപൊട്ടി. അവരുടെ മുഖം മ്ളാനമായി. ചിലർ അകലങ്ങളിൽ നോക്കി വീർപ്പിട്ടു. ഒരമ്മയുടെ സ്നേഹം അനുഭവിച്ചറിഞ്ഞവരുടെ വേദന.

മരണം ടെലിവിഷനിലൂടെയാണ് അന്തേവാസികൾ അറിഞ്ഞത്. സുഗതകുമാരിയുടെ ആഗ്രഹപ്രകാരം അഭയ കേന്ദ്രത്തിൽ മരണ വിവരം അറിയിച്ചുള്ള യാതൊരു അടയാളവും ഇല്ലായിരുന്നു. കരിങ്കൊടി പോലും കെട്ടിയില്ല. ഗ്രാമത്തിലെ ആശുപത്രി പതിവ് പോലെ പ്രവർത്തിച്ചു. വിവരമറിഞ്ഞ് എത്തിയവർ ആശുപത്രി ജീവനക്കാരി മറുപടി നൽകി.

മൃതദേഹം അഭയയിൽ കൊണ്ട് വരുമോ എന്ന് അന്വേഷിച്ച് പൊലീസുകാരെത്തി.

അഭയ ഗ്രാമത്തിന് 1992-ൽ ദലൈലാമയാണ് തറക്കല്ലിട്ടത്. 1995 ഒക്ടോബർ 5 ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ സാന്നിദ്ധ്യത്തിൽ അന്നത്തെ രാഷ്‌ടപതി കെ.ആർ. നാരായണനാണ് ഉദ്ഘാടനം നിർവഹിച്ചത്. ദലൈലാമ പ്രവേശന കവാടത്തിന് സമീപം നട്ട ബോധി വൃക്ഷം ഇപ്പോൾ വൻമരമായി

പത്ത് ഏക്കറിലെ അഭയ ഗ്രാമത്തിൽ മിത്ര, കർമ്മ, അഭയബാല, അഭയ ശ്രദ്ധ എന്നീ വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. മാനസിക വിഭ്രാന്തിയുള്ളവരെയും മദ്യപാനത്തിന് അടിമകളായവരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു. അന്തേവാസികൾക്കും അനാഥബാല്യങ്ങൾക്കും അഭയമായി. നിരവധി പെൺകുട്ടികൾ അഭയയിൽ ജീവിച്ച് മികച്ച വിദ്യാഭ്യാസം നേടി.

ശാരീരിക അസ്വസ്ഥതമൂലം തച്ചോട്ടുകാവിലെ അഭയയിൽ ഒന്നര വർഷമായി ടീച്ചർ വരാറില്ലായിരുന്നു. അതിന് മുൻപ് മിക്ക ദിവസവും എത്തുമായിരുന്നു. അന്തേവാസികളെ ചേർത്ത് പിടിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുമായിരുന്നു. രാത്രിയാണ് ടീച്ചർ മടങ്ങിയിരുന്നത്.