sugathakumari

*അതൃപ്തി തുറന്നു പറഞ്ഞ് സൂര്യ കൃ‌ഷ്ണമൂ‌ർത്തി

തിരുവനന്തപുരം: 'ഇൗ ചടങ്ങുകൾ അവർക്ക് ഇഷ്ടമാകില്ല'. അയ്യൻകാളി ഹാളിൽ സുഗതകുമാരിയുടെ അന്തിമോപചാരച്ചടങ്ങ് ഒരുക്കിയതിലെ അതൃപ്തി അറിയിക്കുകയായിരുന്നു സൂര്യകൃ‌ഷ്ണമൂ‌ർത്തി. സുഗതകുമാരി ആഗ്രഹിച്ചതിന് വിരുദ്ധമായിപ്പോയി ഇത് . മരിച്ചാൽ ഉടൻ സംസ്കാരം നടത്തണമെന്നും, പൊതുദർശനവും പുഷ്പാർച്ചനയും പോലുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്നും സുഗതകുമാരി നേരത്തേ തന്നെ അറിയിച്ചിരുന്നു

.'മരണശേഷം ഒരു പൂവും എന്റെ ദേഹത്ത് വയ്ക്കരുത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയും , മതപരമായ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനിൽക്കാതെ എത്രയും വേഗം ശാന്തി കവാടത്തിൽ ദഹിപ്പിക്കണം'' പ്രകൃതിലേക്ക്, മണ്ണിലേക്ക് മടങ്ങാൻ സമയമടുത്തുവെന്നു തോന്നിയ സമയത്ത് സുഗതകുമാരി ടീച്ചർ തന്റെ ഭൗതികശരീരമെന്തുചെയ്യണമെന്ന് നേരത്തേ തന്നെ വേണ്ടപ്പെട്ടവർക്ക് നൽകിയ നിർദ്ദേശമായിരുന്നു ഇത്. ഇപ്പോൾ നടക്കുന്നതെല്ലാം അതിന് വിരുദ്ധമായെന്നൊരു നൊമ്പരമുണ്ട്. അനുശോചന സമ്മേളനങ്ങളും സ്മാരക പ്രഭാഷണങ്ങളും അന്തിമോപചാരങ്ങളും പൊലീസുകാരുടെ സാന്നിദ്ധ്യവും അവർ ആഗ്രഹിച്ചിരുന്നില്ല. ഇവിടെ നിറയെ പനിനീർ പൂക്കൾ വിരിച്ചാണ് അവരുടെ ഛായചിത്രം വച്ചിരിക്കുന്നത്. ശവപുഷ്പങ്ങൾ പോലും വേണ്ടെന്ന് പറഞ്ഞിടത്താണ് ഇതൊക്ക നടത്തിയതെന്ന വിഷമം സൂര്യകൃഷ്ണമൂർത്തി പങ്കുവച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണി മുതലാണ് തിരുവനന്തപുരത്ത് അയ്യൻകാളി ഹാളിൽ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നിൽ പൊതുജനങ്ങൾക്ക് പുഷ്പാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കിയത്.