
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും ജയിലിൽ നിന്നും ഇന്നലെ രാവിലെ എത്തിച്ചതോടെ, വഞ്ചിയൂരിലെ കോടതി പരിസരം കടന്നുപോയത് ആകാംക്ഷ നിറഞ്ഞ നിമിഷങ്ങളിലൂടെ.
നിയമ ചരിത്രത്തിലെ സുപ്രധാന ഏട് കൂടിയായ അഭയ കേസിലെ വിധി കേൾക്കാൻ നിയമവിദ്യാർത്ഥികളും യുവ അഭിഭാഷകരും കൂടാതെ, കോടതി ജീവനക്കാരും ജനങ്ങളും പ്രത്യേക സി.ബി.ഐ കോടതിയിൽ തടിച്ചു കൂടി. രാവിലെ 10.05നാണ് ഫാ.. തോമസ് കോട്ടൂരിനെ കോടതിയിലെത്തിച്ചത്. 10.15ഓടെ സിസ്റ്റർ സെഫിയുമായും ഉദ്യോഗസ്ഥരെത്തി. നേരേ കോടതി ഹാളിലെ പ്രതിക്കൂട്ടിലേക്ക്. ബെഞ്ചിന്റെ ഇരുവശങ്ങളിലായി ഇരുവരും ഇരുന്നു. ചുറ്റും സി.ബി.ഐ ഉദ്യോഗസ്ഥരും. ഫാ. കോട്ടൂർ ഇരുന്നതിന് പിറകിലായി ജനാലയിലൂടെ അദ്ദേഹത്തിന്റെ സഹോദരനും കുടുംബാംഗങ്ങളും നിലയുറപ്പിച്ചു. സിസ്റ്റർ സെഫിക്ക് സമീപം അഭിഭാഷക ഉൾപ്പെടെ രണ്ട് കന്യാസ്ത്രീകളും നിന്നു. കോടതി ചേരാൻ സമയമടുക്കുന്തോറും ഇരുവരുടെയും മുഖത്ത് പരിഭ്രമമായി. സിസ്റ്റർ സെഫി വലതു കൈക്കുള്ളിൽ കൊന്ത മുറുകെ പിടിച്ചിരുന്നു. ഫാ. കോട്ടൂർ അസ്വസ്ഥനായി പ്രതിക്കൂട്ടിലെ കമ്പിയിൽ പിടിച്ച് ചാഞ്ഞും ചരിഞ്ഞും മിനിട്ടുകൾ തള്ളി നീക്കി.
11മണി
കോടതി ചേരാനുള്ള ബെല്ല് മുഴങ്ങി. പ്രതികൾ ഉൾപ്പെടെ എല്ലാവരും എഴുന്നേറ്റു. ആദ്യം ഒരു കേസ് വിളിച്ചു മാറ്റി. പിന്നാലെ അഭയ കേസ് നമ്പരും പ്രതികളുടെ പേരും വിളിച്ചു.
11.03
പ്രോസിക്യൂഷൻ വാദം തുടങ്ങി
11.08
പ്രതിഭാഗം അഭിഭാഷകൻ ഭാഗം പറഞ്ഞു.
11.14
ഫാ. കോട്ടൂരിനെ ജഡ്ജി അടുത്തേക്ക് വിളിപ്പിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
11.20
സിസ്റ്റർ സെഫിയെ വിളിപ്പിച്ച് പറയാനുള്ളത് കേട്ടു.
11.25
കോടതി വീണ്ടും ചേരുമെന്ന് പറഞ്ഞ് ജഡ്ജി ചേംബറിന് ഉള്ളിലേക്ക് പോയി.
എല്ലാവരുടെയും മുഖത്ത് ആകാംക്ഷ, പ്രതിഭാഗം അഭിഭാഷകർ പ്രതികളുടെ അടുത്തെത്തി ഉടൻ വിധി പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചു.
11.39
ക്ഷീണിതനായി കാണപ്പെട്ട ഫാ. കോട്ടൂർ മെല്ലെ മയങ്ങിപ്പോയി. ഇതുകണ്ട ബന്ധുക്കൾ വെള്ളം കൊടുക്കാമോയെന്ന് ജനാലയിലൂടെ സി.ബി.ഐ ഉദ്യോഗസ്ഥരോട് ചോദിച്ചു. സീൽ പൊട്ടിക്കാതെയുള്ള കുപ്പിവെള്ളം കൊടുക്കാൻ പറഞ്ഞു. വെള്ളം വാങ്ങാൻ ബന്ധുപുറപ്പെട്ടെങ്കിലും കോട്ടൂർ വേണ്ടെന്ന് പറഞ്ഞു. ഈ സമയം ഇടംകൈ കൊണ്ട് സമീപത്ത് നിന്ന അഭിഭാഷകയായ കന്യാസ്ത്രീയുടെ കൈയിൽ സെഫി മുറുകെ പിടിച്ചിരുന്നു.
11.59
ജഡ്ജി വീണ്ടും സീറ്റിലെത്തി. വിധി എഴുതി പൂർത്തിയാക്കാൻ തുടങ്ങി.
12.05ന്
വിധി പ്രഖ്യാപനം
12.09ന്
ജഡ്ജി മടങ്ങി, അപ്പോഴും വിധിയെപ്പറ്റി കോട്ടൂരിനും സെഫിക്കും വ്യക്തത വന്നില്ല. അഭിഭാഷകരെത്തി വിശദീകരിച്ചു. നിർവികാരമായി ഇരുവരും അത് കേട്ടു.
12.11
ജനാലയിൽ പിടിച്ചുനിന്ന കോട്ടൂരിന്റെ കൈകളിൽ ബന്ധുക്കൾ മുറുക്കെപ്പിടിച്ചു. കണ്ണുകളടച്ച് സാരമില്ലെന്ന് കോട്ടൂർ പതിയെ പറഞ്ഞു.
12.15
പുറത്തു നിന്ന ഏതാനും കന്യാസ്ത്രീകൾ അടുത്തെത്തിയപ്പോൾ സിസ്റ്റർ സെഫിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കോടതി നടപടികൾ പൂർത്തിയായെങ്കിലും വിധിപ്പകർപ്പ് കിട്ടുന്നത് വരെ സി.ബി.ഐ ഉദ്യോഗസ്ഥർ പ്രതികളുമായി കോടതിയിൽ തുടർന്നു.
1.10
ഇരുവർക്കും ഭക്ഷണം നൽകി. നോൺവെജ് കറികൾ ഉൾപ്പടെയുള്ള ഊണ് കോട്ടൂർ നന്നായി കഴിച്ചു. സെഫി പലഹാരവും പഴവും കഴിച്ച് വെള്ളം കുടിച്ചു
2.56
കോടതിയിൽ നിന്നുള്ള രേഖകൾ ലഭിച്ചതോടെ പ്രതികളുമായി സി.ബി.ഐ ഉദ്യോഗസ്ഥർ കോടതി കോംപ്ലക്സിന്റെ പടവുകളിറങ്ങി. താഴെ കാത്തുനിന്ന രണ്ട് പൊലീസ് വാഹനങ്ങളിലായി ഇരുവരെയും കയറ്റി. കോട്ടൂരുമായി പൂജപ്പുരയിലേക്കും സെഫിയുമായി അട്ടക്കുളങ്ങര ജയിലിലേക്കും.