
 സഭ ചേരാത്തതിനാൽ യു.ഡി.എഫിന്റെ പ്രതിഷേധ പ്രമേയം
തിരുവനന്തപുരം: കർഷക രക്ഷയ്ക്ക് ഇനി പ്രമേയമല്ല, നിയമനിർമ്മാണമാണ് വേണ്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കർഷക പ്രക്ഷോഭ വിഷയത്തിൽ ഇന്നലെ നിയമസഭ ചേരാനാവാത്ത സാഹചര്യത്തിൽ നിയമസഭാ സമുച്ചയത്തിലെ പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ ചേർന്ന യു.ഡി.എഫ് നിയമസഭാകക്ഷി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭ സമ്മേളിക്കാൻ അനുമതി നിഷേധിച്ച ഗവർണറെയും ഗവർണറോട് അതേ നാണയത്തിൽ തിരിച്ചടിക്കാൻ തയാറാകാതിരുന്ന സർക്കാരിനെയും രൂക്ഷമായി വിമർശിച്ചാണ് യോഗം പിരിഞ്ഞത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് നിയമസഭാകക്ഷി യോഗം പ്രമേയം പാസ്സാക്കി.
ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ടാൽ അത് നിരാകരിക്കാനുള്ള അവകാശവും അധികാരവും ഗവർണർക്കില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അങ്ങനെ നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധവുമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടുകൾ കാണുമ്പോൾ, കേന്ദ്രസർക്കാരിനെ ഭയപ്പെടുന്നുണ്ടോയെന്ന് സംശയിക്കണം. കർഷക തീരുമാനത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ച നമ്മൾ ഗവർണറുടെ നിലപാടിനോട് കർശനമായ പ്രതിഷേധം രേഖപ്പെടുത്തണമായിരുന്നു. പകരം അതിനെ അംഗീകരിച്ചുകൊടുത്ത സർക്കാർ നിലപാടിൽ ശക്തമായ പ്രതിഷേധമുണ്ട്. സഭ ചേരുന്നതിന് അനുമതി നിഷേധിച്ച വിവരം മന്ത്രി എ.കെ. ബാലനാണ് പ്രതിപക്ഷനേതാവിനെ അറിയിച്ചത്. സഭ ചേരുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ എം.എൽ.എമാരുടെ യോഗം ചേരണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ട് വിവരം അറിയിക്കാമെന്ന് മന്ത്രി പറഞ്ഞു. പിന്നീടൊന്നും അറിയിച്ചില്ല. ഇനി സഭയിൽ പ്രമേയം പാസ്സാക്കുന്നതിനോട് യോജിപ്പില്ല.
പഞ്ചാബ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ കർഷകരുടെ താത്പര്യം സംരക്ഷിക്കുന്ന നിയമം പാസ്സാക്കിയിട്ടുണ്ട്. കർഷകരോട് താത്പര്യമുണ്ടെങ്കിൽ കേരളവും സമാനമായ രീതിയിൽ നിയമം പാസ്സാക്കണം- ഉമ്മൻ ചാണ്ടി പറഞ്ഞു. ക്വാറന്റൈനിലായതിനാൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യോഗത്തിൽ പങ്കെടുത്തില്ല.