sugathakumari

കെ.എൽ മോഹനവർമ്മ

ആത്മാർത്ഥമായി ചേച്ചി എന്നു വിളിച്ചിരുന്ന വ്യക്തികളിൽ ഒരാളാണ് സുഗതകുമാരി ടീച്ചർ. ഇനി ടീച്ചറില്ല എന്നു പറയുന്നത് വളരെ വേദനയുളവാക്കുന്ന ഒന്നാണ്. എന്നും വളരെ അടുത്ത ആത്മബന്ധം പുലർത്തിയിരുന്നു. ഒരു വ്യവസ്ഥിതിയുടെ ഉള്ളിൽ നിന്നുകൊണ്ട് അതിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞ വളരെ പ്രാഗത്ഭ്യമുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു ടീച്ചർ. പൗരാണികപരമായ കാര്യങ്ങളെ കുറിച്ചാണ് ടീച്ചർ കൂടുതൽ സംസാരിച്ചത്. വിശ്വസിക്കുന്ന കാര്യങ്ങളിൽ വളരെയധികം ആത്മാർത്ഥത പുലർത്തി.

ടീച്ചർ കവി മാത്രമല്ല

സി. രാധാകൃഷ്ണൻ

നഷ്ടമായത് ഒരു കവിയെ മാത്രമല്ല. കാരുണ്യത്തിന്റെ ആലയവും അതുവഴി സാമൂഹ്യസേവനത്തിന്റെ വലിയ പ്രവാഹവുമാണ്. താൻ എഴുതുന്നത് മറ്റൊരുവനെ വിശ്വസിപ്പിക്കുകയും അത് പ്രയത്നത്തിൽ കൊണ്ടുവരാനായി പരിശ്രമിക്കുകയും അതിനുവേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്യുന്ന മനസായിരുന്നു ടീച്ചറുടേത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ എന്നും മുന്നിൽ നിന്നു. മലയാളക്കരയുടെ സംസ്കൃതിക്ക് എല്ലാക്കാലത്തും ആവശ്യമായ വരികളാണ് ടീച്ചറുടേത്. നിരവധി കവിതകൾ നമുക്ക് സമ്മാനിച്ചിട്ടുള്ളതിനാൽ ആ സംസ്കൃതി നമുക്ക് നഷ്ടമാകില്ല എന്ന് ആശ്വസിക്കാം.