തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ കേരളത്തിന്റെ പ്രതിഷേധം രേഖപ്പെടുത്താനും പ്രമേയം പാസാക്കാനും പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.
രാജ്യ തലസ്ഥാനത്ത് ഒരു മാസക്കാലമായി കർഷകർ പ്രക്ഷോഭത്തിലാണ്. കേരളത്തിലെ കർഷകരെയും ദോഷകരമായി ബാധിക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമം. സാങ്കേതിക കാരണം ചൂണ്ടിക്കാട്ടി നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർ ബി.ജെ.പിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഗവർണറുടെ നടപടി ഫെഡറൽ തത്വങ്ങൾക്കെതിരാണ്. . ഔദ്യോഗിക കാര്യങ്ങളിൽ ഗവർണർ രാഷ്ട്രീയം കലർത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.