
കല്ലമ്പലം: നാവായിക്കുളത്ത് രണ്ടിടത്ത് കാറുകൾ തലകീഴായി മറിഞ്ഞു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാവായിക്കുളം തുമ്പോട് റോഡിൽ ഡീസന്റ്മുക്ക് ജംഗ്ഷനിലും കപ്പാംവിള അങ്കണവാടിക്ക് സമീപവുമാണ് കാറുകൾ മറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 7 മണിയോടെയായിരുന്നു അപകടം. ഡീസന്റ്മുക്കിൽ ടൊയോട്ട എത്തിയോസ് കാർ നിയന്ത്രണംതെറ്റി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും സ്വകാര്യ വ്യക്തിയുടെ മതിലിലും ഇടിച്ചു മറിയുകയായിരുന്നു. കല്ലമ്പലം സ്വദേശിയുടെ കാറാണ് ഇടിച്ചത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം എ.ജെ. ജിഹാദ് തന്റെ കാർ പാർക്ക് ചെയ്തതിനു ശേഷം നാട്ടുകാർ നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാനായി കാറിൽ നിന്നും ഇറങ്ങിയയുടനെയായിരുന്നു അമിത വേഗതയിൽ വന്ന കാർ ജിഹാദിന്റെ കാറിലിടിച്ചത്. തലനാരിഴയ്ക്കാണ് ജിഹാദ് രക്ഷപ്പെട്ടത്. കാറിന്റെ മുൻവശം തകർന്നു. ഡ്രൈവറെ മറിഞ്ഞ കാറിനുള്ളിൽ നിന്നും നാട്ടുകാർ പുറത്തെടുത്തു. ഇതേസമയം തന്നെയാണ് കപ്പാംവിളയിലും ബൈക്കുകാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മുക്കുകട ഭാഗത്തുനിന്നും വന്ന ഫോർഡ് കാർ സ്വകാര്യ വ്യക്തിയുടെ മതിലിലിടിച്ച് മറിഞ്ഞത്. മുക്കുകട സ്വദേശിയുടെതാണ് കാർ. അപകടത്തിൽപ്പെട്ട ഇരു കാറിലെയും ഡ്രൈവർമാർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കാറിനുള്ളിൽ നിന്നും നാട്ടുകാർ മദ്യകുപ്പികൾ കണ്ടെടുത്തു. കപ്പാംവിള അങ്കണവാടിക്ക് സമീപം കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 9 അപകടങ്ങളാണ് നടന്നത്. കൊടുംവളവിൽ മുക്കുകട ഭാഗത്തുനിന്നും കയറ്റംകയറി വരുന്ന വാഹനങ്ങളാണ് പതിവായി അപകടത്തിൽപ്പെടുന്നത്.