sugathkumari

തിരുവനന്തപുരം:തലസ്ഥാനത്തിന്റെ കവയിത്രി കൂടിയായ സുഗതകുമാരി ടീച്ചറുടെ വേർപാടിൽ നഷ്ടമാകുന്നത് കവിയരങ്ങിലെ സാന്നിദ്ധ്യവും സമരമുഖങ്ങളിലെ സൗമ്യതയും നിലപാടിലെ കാർക്കശ്യവും കൂടിയാണ്.സൈലന്റ് വാലിമുതൽ ആറന്മുള വരെ നീളുന്ന ദേശീയ പ്രാധ്യാന്യമുള്ള സമരങ്ങളിൽ മാത്രമല്ല,തലസ്ഥാന ജില്ലയുടെ പരിസ്ഥിതി വിഷയങ്ങളിലും സജീവമായ ഇടപെടലായിരുന്നു സുഗതകുമാരി നടത്തിയത്.
മാലിന്യ നിക്ഷേപ കേന്ദ്രത്തിന് 'വിളപ്പിൽശാല' എന്നു മറ്റൊരു വിളിപ്പേര് കൂടി സംഭാവന ചെയ്ത് ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവിതവും ആത്മാഭിമാനവും നഷ്ടപ്പെടുത്തിയ അധികാരികളുടെ വകതിരിവില്ലാത്ത നടപടിക്കെതിരെ സന്ധിയില്ലാത്ത സമരം നടത്തിയാണ് സുഗതകുമാരി തലസ്ഥാനത്തിന്റെ സമരവേദികളിൽ സജീവമായത്.ആക്കുളം കായൽ നികത്തലിനെതിരെ പിന്നീട് പലപ്പോഴായി അവർ നയിച്ച സമരങ്ങൾ ഫലം കണ്ടു.ഏറ്റവുമൊടുക്കിൽ പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശത്തെ പാലോട് ശെന്തുരുണി വനമേഖലയിൽ ഇലവുപാലം ഓട് ചുട്ട പടുക്ക എന്ന സ്ഥലത്ത് മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള ഐ.എം.എയുടെയും സർക്കാരിന്റെയും നീക്കം പൊളിക്കുന്നതിനും സുഗതകുമാരി നടത്തിയത് ശക്തമായ ഇടപെടലാണ്.
നൂറുകണക്കിന് ആദിവാസികൾ സെക്രട്ടേറിയറ് നടയിൽ നടത്തിയ സമരത്തിൽ അനാരോഗ്യം അവഗണിച്ച് കവിയമ്മ എത്തിയിരുന്നു. 'എനിക്ക് നിങ്ങളെപ്പോലെ സമരത്തിനിരിക്കാൻ ഇപ്പോൾ ആവതില്ല,എന്നാൽ പ്രകൃതിക്ക് കോട്ടമുണ്ടാക്കുന്ന തീരുമാനം സർക്കാർ മാറ്റുന്നതുവരെ നിങ്ങൾക്കൊപ്പം ഞാനുണ്ടാകും ' എന്നു സമരഭടന്മാരെ ആവേശം കൊള്ളിച്ചാണ് അവർ മടങ്ങിയത്.ഒടുവിൽ മാലിന്യപ്ലാന്റ് പദ്ധതി അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചപ്പോൾ ഏറെ സന്തോഷിച്ചതും സുഗതകുമാരിയായിരുന്നു. 'ഒരു കാട് കൂടി രക്ഷപെട്ടു, എണ്ണിയാലൊടുങ്ങാത്ത ജീവനുകൾക്ക് ഇനി സസുഖം വാഴാം ' എന്നാണ് അവർ പ്രതികരിച്ചത്. പരിസ്ഥിതി സമരങ്ങളിൽ സുഗതകുമാരി പങ്കാളിയായാൽ സമരം ജയിച്ചു എന്നൊരു വിശ്വാസം തന്നെ പരിസ്ഥിതി പ്രവർത്തകർക്കുണ്ടായിരുന്നു.തലസ്ഥാന ജില്ലയിൽ ഇനി കൈയേറ്റവും പരിസ്ഥിതി ചൂഷണവും ഉണ്ടാകുമ്പോൾ 'അരുതേ ' എന്നു പറയാൻ ഇനി ശക്തമായൊരു ശബ്ദം ഇല്ലെന്നതാണ് വേദനയാകുന്നത്.വികസനത്തിന്റെ പേരുപറഞ്ഞ് ആവശ്യമില്ലാതെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെയും ടീച്ചർ എപ്പോഴും ശബ്ദമുയർത്തിയിരുന്നു.അതുകൊണ്ടുതന്നെ പൊതുസ്ഥലത്തെ ഒരു മരം മുറിക്കാൻ ഒരുങ്ങുമ്പോൾ സുഗതകുമാരി ടീച്ചറുടെ മുഖം എല്ലാവരുടേയും മനസിൽ ഓടിയെത്തും. പ്രകൃതിയുടെയും മനുഷ്യന്റെയും വേദനകൾക്കൊപ്പം എന്നും നിലനിന്നിരുന്ന കവയിത്രി നന്മയുടെ ഒരു ഓർമ മരമായി ഇനിയും നിലകൊള്ളും.