
വർക്കല: പുണ്യവതിയായ ഗുരുദേവ ഭക്തയായിരുന്നു ഇന്നലെ നിര്യാതയായ പാളയംകുന്ന് വണ്ടിപ്പുര പ്രസാദ് മന്ദിരത്തിൽ പി. നളിനമ്മ (83). അരനൂറ്റാണ്ടിലേറെയായി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും പാരിപ്പള്ളി വഴി ശിവഗിരിയിലെത്തുന്ന തീർത്ഥാടകർക്കും പദയാത്രാസംഘങ്ങൾക്കും ഇടത്താവളം പോലെയായിരുന്നു നളിനമ്മയുടെ വീട്. മുറ്റത്ത് തീർത്ഥാടകർക്കായി വിശാലമായ വിശ്രമസൗകര്യവും വിഭവസമൃദ്ധമായ ആഹാരവും ഒരുക്കിയിട്ടുണ്ടാവും. ആഹാരം കഴിച്ച് അല്പനേരം വിശ്രമിച്ചായിരിക്കും തീർത്ഥാടകരുടെ പിന്നീടുള്ള യാത്ര. എത്ര പേരുണ്ടായാലും അവർക്കെല്ലാം നൽകാനുളള ആഹാരം നളിനമ്മ കരുതിയിരിക്കും. ഒരു പ്രാർത്ഥന പോലെയാണ് അവർ തീർത്ഥാടകർക്ക് അന്നം നൽകിയത്. ഇക്കൊല്ലം ശിവഗിരി തീർത്ഥാടനത്തിന് പദയാത്രകളില്ല. തീർത്ഥാടകർക്കും നിയന്ത്റണങ്ങളുണ്ട്. എങ്കിലും പാരിപ്പള്ളി വഴി ശിവഗിരിയിലേക്ക് വരുന്ന തീർത്ഥാടകരെ സ്വീകരിക്കാൻ ഇനി നളിനമ്മ ഇല്ല. എന്നാൽ ഇതുവഴി ശിവഗിരിയിലേക്ക് കടന്നുപോയിട്ടുള്ള തീർത്ഥാടകരുടെ മനസുകളിൽ നളിനമ്മ ഒരു നിത്യസ്‌മരണയായിരിക്കും.