
തിരുവനന്തപുരം:നിറഞ്ഞ മനസോടെ ഏകമകൾ ലക്ഷ്‌മീ ദേവിയുടെ മുഖത്തേക്കു നോക്കി സുഗതകുമാരി ചിരിച്ചു. പിന്നെ, അന്ത്യയാത്രയാണെന്ന് ധ്വനിപ്പിച്ച് കൈവീശി...ലക്ഷ്മി വിതുമ്പി നിന്നു. മകളുടെ മുഖത്തു നിന്ന് കണ്ണുകൾ പിൻവലിച്ച് വാനിലേക്ക് പായിച്ച ശേഷം മഹാകവയിത്രി മിഴി പൂട്ടി.
മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കടക്കും മുമ്പു തന്നെ തന്റെ മരണം സുഗതകുമാരി മുൻകൂട്ടി കണ്ടിരുന്നപോലെ...
സ്വകാര്യ ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോൾ മകളെയാണ് സുഗതകുമാരി തിരക്കിയത്. കൺമുന്നിൽ ലക്ഷ്മി എത്തിയപ്പോഴാണ് യാത്ര ചൊല്ലിയത്.
കൊവിഡിന്റെ ഭാഗമായ കടുത്ത ബ്രോങ്കോ ന്യൂമോണിയ മൂലമുള്ള ശ്വാസതടസം മരണത്തിലേക്കുള്ള വഴി തുറന്നു. ശ്വാസകോശം ആകെ ന്യൂമോണിയ ബാധിച്ചതിനാൽ യന്ത്രസഹായത്തോടെയുള്ള ശ്വസനം പോലും ബുദ്ധിമുട്ടായി. ഹൃദയാഘാതവും ഉണ്ടായി. വൃക്കകളും തകരാറിലായി. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഷർമ്മദ് പ്രതീക്ഷയ്ക്കു വകയില്ലെന്ന് ലക്ഷ്മിയെ വിളിച്ചറിയിച്ചു.
ചൊവ്വാഴ്ച രാത്രി മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ലക്ഷ്മിയുമായി ഫോണിൽ സംസാരിച്ചു.
കുറച്ചു നാളായി മരണത്തെ പ്രതീക്ഷിക്കുണ്ടായിരുന്നു. രോഗശയ്യയിലാകുന്നതിനു മുമ്പ് എഴുതിയ കവിതകളെല്ലാം മരണത്തെ കുറിച്ചുള്ളതായിരുന്നു. ഇളയ സഹോദരി സുജാതാദേവി 2018 ജൂൺ 27നു അന്തരിച്ചതോടെ സുഗതകുമാരി വല്ലാതെ ഉലഞ്ഞു പോയിരുന്നു. പിന്നെ ഓണവും പിറന്നാളുമൊന്നും ആഘോഷിച്ചില്ല.
ഇന്നലെ വൈകിട്ട് അഗ്നിനാളങ്ങൾ മലയാളത്തിന്റെ മഹാപുത്രിയെ ഏറ്റുവാങ്ങുമ്പോഴും വിതുമ്പലടക്കി മകൾ ലക്ഷ്മി സാക്ഷിയായി.
മെഡിക്കൽ കോളേജിൽ നിന്ന് ഭൗതികശരീരം ആംബുലൻസിൽ നേരിട്ട് തൈക്കാട് ശാന്തികവാടത്തിൽ എത്തിക്കുകയായിരുന്നു. മകൾ ലക്ഷ്മിക്കു പുറമെ സഹോദരിമാരുടെ മക്കളായ ശ്രീദേവി പിള്ള, പത്മനാഭൻ, ചെറുമകൻ വിഷ്ണു എന്നിവർ മാത്രമാണ് ബന്ധുക്കളായി പങ്കെടുത്തത്. ബന്ധുക്കളും പൊലീസുകാരും ശാന്തികവാടം ജീവനക്കാരുമടക്കം എല്ലാവരും പി.പി.ഇ കിറ്റ് ധരിച്ചിരുന്നു. സർക്കാരിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും ജില്ലാ കളക്ടർ നവജ്യോത് സിംഗ് കൗറും പങ്കെടുത്തു. ഇരുവരും പി.പി.ഇ കിറ്റ് ധരിച്ചിരുന്നു
അച്ഛന്റെ മരണത്തെ കുറിച്ച് സുഗതകുമാരി
''അച്ഛൻ മരിക്കാൻ കിടക്കുപ്പോൾ എന്നെ നോക്കി കരഞ്ഞു. മോളേ നിനക്കൊന്നും ഞാൻ നേടിത്തന്നില്ലല്ലോ. കട്ടിലിന്റെ താഴെയിരുന്ന ഞാൻ എഴുന്നേറ്റ് അച്ഛന്റെ കൈപിടിച്ചു. 'തന്നില്ലേ അച്ഛാ... എല്ലാം തന്നില്ലേ?'. 'എന്ത് തന്നു?' എന്നായി അച്ഛൻ. 'എന്റെ കൈയിലൊരു പേന വച്ചുതന്നില്ലേ അച്ഛൻ...പിന്നെ, ഒരു നട്ടെല്ല് തന്നില്ലേ? മതിയച്ഛാ...അതുമതി' - ഞാൻ പറഞ്ഞു.
മരണക്കിടക്കയിലെ അച്ഛന്റെ വരണ്ട കണ്ണുകളിൽ വെട്ടം തെളിയുന്നത് ഞാൻ കണ്ടു. ബോധേശ്വരന്റെ മകളല്ലായിരുന്നെങ്കിൽ എനിക്കീ കൂരിരുൾവഴികൾ താണ്ടാൻ കരുത്ത് ഉണ്ടാകുമായിരുന്നുവോ? അറിയില്ല. അച്ഛൻ സ്വയം കത്തിയെരിഞ്ഞ് മറ്റുള്ളവർക്കുവേണ്ടി പടനയിച്ച ആളായിരുന്നു.''