
തിരുവനന്തപുരം : ജനിതക വകഭേദം വന്ന കൊവിഡ് വൈറസിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മാർഗനിർദേശം.
ഓണം കഴിഞ്ഞപ്പോൾ കൊവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വൻ വർദ്ധനവുണ്ടായ സാഹചര്യം ആവർത്തിക്കാതിരിക്കാൻ ശക്തമായ മുൻകരുതലുകളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ആരിൽ നിന്നും രോഗം പകരാനുള്ള അവസ്ഥയാണ്. എല്ലാവരും മാസ്‌ക് ധരിക്കുകയും ഇടക്കിടയ്ക്ക് കൈ കഴുകയോ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം. സാമൂഹിക അകലവും പാലിക്കണം. പനി, തൊണ്ടവേദന, ജലദോഷം തുടങ്ങിയ ഏത് രോഗ ലക്ഷണങ്ങളും നിസാരമായി കാണരുത്. അവർ ഇ സഞ്ജീവനിയുടേയോ ദിശ 1056ന്റേയോ സേവനം തേടണം.
ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കണം. പൊതുയിടങ്ങളിലെ ആഘോഷ പരിപാടികൾ കഴിവതും ഒഴിവാക്കണം.പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്ക്ക് ധരിക്കണം. കടകളും മറ്റ് പൊതുസ്ഥാപനങ്ങളും സന്ദർശിക്കുന്നവർ സാമൂഹിക അകലം പാലിക്കുന്നതിനും കൈകൾ ഇടയ്ക്കിടയ്ക്ക് സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിനും ശ്രദ്ധിക്കണം. മാസ്‌ക് താഴ്ത്തിവച്ച് സംസാരിക്കുന്നത് ഒഴിവാക്കണം.
ജാഗ്രത വേണം
ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതരരോഗങ്ങളുള്ളവരും വയസായവരും വീടുകളിൽ കഴിയുകയാണെങ്കിലും സന്ദർശകർ വരുമ്പോൾ കൃത്യമായി മാസ്‌ക് ധരിക്കേണ്ടതാണ്. അവരുമായോ കുട്ടികളുമായോ അടുത്തിടപഴകരുത്. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ 7 ദിവസത്തിൽ കൂടുതൽ കേരളത്തിൽ താമസിക്കുന്നുണ്ടെങ്കിൽ കോവിഡ് ടെസ്റ്റിന് വിധേയമാകണം. പനി, ചുമ തൊണ്ടവേദന തുടങ്ങി കോവിഡിനു സമാനമായ രോഗ ലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി ഇടപഴകാതെ സൂക്ഷിക്കണം. ക്രിസ്മസ് പുതുവത്സരവേളകളിൽ വീടുകളിൽ സന്ദർശകരെ പരമാവധി കുറയ്‌ക്കണം.
തിരഞ്ഞെടുപ്പിന്റെ പ്രത്യാഘാതം
കൊവിഡ് വ്യാപനം കുറഞ്ഞിരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവർത്തനങ്ങളിൽ
വലിയ ആൾക്കൂട്ടമുണ്ടായി. ഒക്‌ടോബറിൽ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ന് മുകളിലായെങ്കിലും ഡിസംബർ 14 ഓടെ ചികിത്സയിലുള്ളവരുടെ എണ്ണം 57,000 മാക്കി കുറയ്ക്കാൻ സാധിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും കൊവിഡ് വ്യാപനം കൂടി വരുകയാണ്. രോഗം ബാധിക്കുന്നവരുടെ പ്രതിദിന എണ്ണവും ചികിത്സയിലുള്ളവരുടെ എണ്ണവും വർദ്ധിക്കുന്നു.