
തിരുവനന്തപുരം: തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലേക്ക് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ ഒരോ അംഗത്തെയും മലബാർ ദേവസ്വം ബോർഡിലേക്ക് പൊതുവിഭാഗത്തിൽ രണ്ടു അംഗങ്ങളെയും തിരഞ്ഞെടുത്തു. തിരുവിതാംകൂർ ദേവസ്വത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ പി.എം. തങ്കപ്പൻ 58 വോട്ടുകൾ നേടി വിജയിച്ചു. സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. കോൺഗ്രസ് സ്ഥാനാർത്ഥി എസ്. ചന്ദ്രന് ആറ് വോട്ടുകളാണ് ലഭിച്ചത്.
കൊച്ചി ദേവസ്വം ബോർഡിൽ സി.പി.എം സ്ഥാനാർത്ഥി വി.കെ. അയ്യപ്പൻ 58 വോട്ടുകൾ നേടി വിജയിച്ചു. എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ കെ.കെ. തിരുമേനിക്ക് ആറ് വോട്ടുകൾ ലഭിച്ചു.
മലബാർ ദേവസ്വം ബോർഡിൽ സി.പി.എം സ്ഥാനാർത്ഥി എം.ആർ. മുരളിക്ക് 58ഉം സി.പി ഐ സ്ഥാനാർത്ഥി കെ. മോഹനന് 53 ഉം വോട്ടും നേടി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി വി.ടി. സുരേന്ദ്രൻ ആറ് വോട്ടുകൾ നേടി.
ഗവ. സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ നിയമസഭയിലെ ഹിന്ദു എം.എൽ.എമാരാണ് വോട്ടു ചെയ്തത്. രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരെയായിരുന്നു തിരഞ്ഞെടുപ്പ്. റിട്ട. ജില്ലാ ജഡ്ജിയും സംസ്ഥാന മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറുമായ കെ. ശശിധരൻ നായർക്കായിരുന്നു ചുമതല.