abaya

തിരുവനന്തപുരം: രോഗാവസ്ഥയും പ്രായവും പരിഗണിച്ച് ശിക്ഷായിളവ് നൽകണമെന്ന അഭയക്കേസ് പ്രതികളുടെ വാദം കോടതി തള്ളിക്കളഞ്ഞു. അഭയയെ സംരക്ഷിക്കേണ്ടിയിരുന്നവരാണ് ക്രൂരകൃത്യം ചെയ്തതെന്നും അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.71 വയസുള്ള തനിക്ക് അർബുദരോഗം നാലാം ഘട്ടത്തിലാണെന്നും നിത്യേന ഇൻസുലിൻ എടുക്കുന്നുണ്ടെന്നും തുടർച്ചയായി മരുന്നു കഴിക്കണമെന്നും തോമസ് കോട്ടൂർ ജഡ്ജിയോട് പറഞ്ഞു. നിരവധി പേരുടെ ജീവിതത്തിൽ പ്രാർത്ഥനയിലൂടെ പ്രകാശം പരത്തുകയും ആശ്വസിപ്പിക്കുകയും ചെയ്ത വൈദികനാണ് ഞാൻ. അതിനാൽ ശിക്ഷയിൽ ഇളവു നൽകണം. ജഡ്ജിയുടെ ചേംബറിനടുത്തെത്തി നിപരാധിയാണെന്നും കോട്ടൂർ പറഞ്ഞു.പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും 95 വയസുള്ള അദ്ദേഹത്തെ താനാണ് സംരക്ഷിക്കേണ്ടതെന്നും സെഫി ജഡ്ജിയോട് പറഞ്ഞു. 57 വയസുള്ള എനിക്ക് വൃക്കരോഗവും പ്രമേഹവും എല്ലുകൾക്ക് ബലക്ഷയമുണ്ടാക്കുന്ന ത്രോംബോസിസ് എന്ന അസുഖവുമുണ്ട്. ഞാൻ ജയിലിലായാൽ കുടുംബത്തിന്റെ വരുമാനം നിലയ്ക്കും. മാനുഷിക പരിഗണന കാട്ടണമെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും സെഫി അഭ്യർത്ഥിച്ചു.അഭയയുടേത് ആസൂത്രിതമായ കൊലപാതകമാണോയെന്ന് കോടതി പ്രോസിക്യൂട്ടറോട് ആരാഞ്ഞു. പ്രതികൾ ലൈംഗികബന്ധത്തിലേർപ്പെട്ടത് അഭയ കണ്ടപ്പോൾ പൊടുന്നനെയുള്ള കൊലയാണെന്നായിരുന്നു മറുപടി. വധശിക്ഷ നൽകാൻ തക്ക ശക്തമല്ല പ്രതികളുടെ പ്രവൃത്തിയെന്ന് കോടതി നിരീക്ഷിച്ചു. അരമണിക്കൂർ ഇടവേളയെടുത്ത ശേഷമാണ് കോടതി വിധിന്യായം വായിച്ചത്. പ്രോസിക്യൂഷൻ വാദം കണക്കിലെടുത്ത് ശിക്ഷ വിധിക്കുകയായിരുന്നു.