
തിരുവനന്തപുരം: നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ തുടർ സംഭവഗതികൾ ഇന്ന് മന്ത്രിസഭായോഗം വിലയിരുത്തിയേക്കും.
ജനുവരി എട്ടിന് സഭാസമ്മേളനം ആരംഭിക്കുമ്പോൾ ഗവർണർ അവതരിപ്പിക്കേണ്ട സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ കർഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട നയസമീപനം ഏതുരീതിയിൽ ഉൾപ്പെടുത്തണമെന്നതിനെപ്പറ്റി സർക്കാർ ആലോചിക്കുന്നുണ്ട്. ഗവർണർ അനുമതി നിഷേധിച്ചതിനെതിരായ ഭരണഘടനാപ്രശ്നം നയപ്രഖ്യാപനത്തിൽ പരോക്ഷമായി സൂചിപ്പിക്കുന്നതിന്റെ സാദ്ധ്യതകളും പരിശോധിക്കുന്നുണ്ട്. അങ്ങനെ ഉൾപ്പെടുത്തിയാലത് ഗവർണർ വായിക്കാതെ വിട്ടാലുളവാകുന്ന പ്രതിസന്ധിയും സർക്കാരിന് കണക്കിലെടുക്കേണ്ടതുണ്ട്. പുതിയ നിയമസഭാസമ്മേളനം എട്ടിന് ആരംഭിക്കുന്നതിനായി ഇന്നത്തെ മന്ത്രിസഭായോഗം വീണ്ടും ഗവർണ്ണറോട് ശുപാർശ ചെയ്യും.