case

തിരുവനന്തപുരം: ഇരുപത്തിയെട്ടു വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ സിസ്റ്റർ അഭയ വധക്കേസിലെ കുറ്റവാളികളെ ജീവപര്യന്തം തുറുങ്കിലടച്ച കോടതി വിധി നീതിയുടെ പ്രകാശ ഗോപുരമായി.കോൺവെന്റിലെ കുശിനിക്കാരിക്കു വേണ്ടി, മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന അഭിഭാഷകരെ ഇറക്കിയെങ്കിലും സി.ബി.ഐ സ്പെഷ്യൽ പ്രോസിക്യൂട്ടർ എം.നവാസിന്റെ വാദങ്ങളാണ് കോടതി അംഗീകരിച്ചത്. കള്ളന്റെ മൊഴിക്ക് വിശ്വാസ്യതയില്ലെന്ന് വാദം ഉയർന്നെങ്കിലും കോടതി അടയ്‌ക്കാ രാജുവിന്റെ മൊഴിയാണ് വിശ്വസിച്ചത്. കേസിൽ ഇടപെടുന്നതിന് ജോമോൻ പുത്തൻപുരയ്ക്കലിനെ വിലക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ചീഫ്ജസ്റ്റിസായിരുന്ന കെ.ജി.ബാലകൃഷ്‌ണൻ റദ്ദാക്കിയില്ലായിരുന്നെങ്കിൽ കേസിന്റെ ഗതി മറ്റൊന്നായേനെ. സിസ്​റ്റർ അഭയയുടെ മൃതദേഹം കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണ​റ്റിൽ കണ്ടപ്പോൾ മുതൽ അട്ടിമറികളായിരുന്നു.

പൊലീസിന് നാണക്കേട്

കൃത്യമായ ഇൻക്വസ്റ്റോ ശാസ്ത്രീയ തെളിവുശേഖരണമോ നടത്തിയില്ല. മൂക്കിന്റെ ഇരുവശത്തും കഴുത്തിലും തോളിന് വലതുഭാഗത്തും മുറിപ്പാടുകളുണ്ടായിരുന്നത് ഇൻക്വസ്റ്റിൽ രേഖപ്പെടുത്തിയില്ല.

മൃതശരീരത്തിൽ അടിവസ്ത്രമില്ലായിരുന്നെങ്കിലും ഉണ്ടെന്ന് രേഖപ്പെടുത്തി. അടുക്കളയിലും കിണറ്റിനടുത്തുമായി ചെരുപ്പുകൾ കണ്ടത് രേഖപ്പെടുത്തിയില്ല.

തലയ്ക്കടിച്ച കൈക്കോടാലി ഇൻക്വസ്​റ്റിന്റെ ഭാഗമാക്കിയില്ല. അടുക്കളയിൽ വെള്ളക്കുപ്പി കിടന്നതും കതകിൽ ശിരോവസ്ത്രം കുടുങ്ങിയതും അവഗണിച്ചു.

പ്രീഡിക്ക് ഇംഗ്ലീഷിന് തോറ്റവിഷമത്തിൽ കിണറ്റിൽ ചാടുകയായിരുന്നെന്നും അഭയയുടെ കുടുംബത്തിന് മനോരോഗമുണ്ടെന്നും ക്രൈംബ്രാഞ്ച്.

അർദ്ധ ബോധാവസ്ഥയിൽ കിണ​റ്റിൽ തള്ളിയ അഭയയുടെ ശ്വാസകോശത്തിൽ വെള്ളം കയറിയിരുന്നു.വീഴ്ചയിൽ കിണറ്റിലെ മോട്ടറിൽ തലയിടിച്ചാണ് മുറിവുണ്ടായതെന്ന പൊലീസ് വാദം ആറ് മുറിവുകൾ വീഴ്ചയിൽ ഉണ്ടായതല്ലെന്ന ഫോറൻസിക് കണ്ടെത്തലോടെ പൊളിഞ്ഞു.

താൻ നന്നായി പഠിക്കുന്നുണ്ടെന്നും പരീക്ഷ ജയിക്കാൻ പ്രാർത്ഥിക്കണമെന്നും വേനലവധിക്ക് വീട്ടിലെത്തുമെന്നും മരിക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ് അഭയ അമ്മയ്ക്കെഴുതിയ കത്ത് കണ്ടെടുത്തതോടെ, ആത്മഹത്യാ തിയറി പൊളിഞ്ഞു.

വിചാരണ 473 ദിവസം: ശിക്ഷ 227 പേജിൽ

തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ 473 ദിവസം നീണ്ട വിചാരണയ്ക്കൊടുവിലാണ് 227 പേജുള്ള വിധി സിബിഐ പ്രത്യേക കോടതി പുറപ്പെടുവിച്ചത്. 2011ലാണ് അഭയാ കേസ് എറണാകുളം സി.ബി.ഐ കോടതിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയത്.

സിബിഐയുടെ കുറ്റപത്രത്തിൽ നാല് പ്രതികളുണ്ടായിരുന്നു. ഫാ. തോമസ്.എം.കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന സി.സി. അഗസ്റ്റിൻ എന്നിവരായിരുന്നു പ്രതികൾ. ഇൻക്വസ്റ്റ് തിരുത്തി തെളിവ് നശിപ്പിച്ചെന്ന കുറ്റം ചുമത്തപ്പെട്ട അഗസ്റ്റിൻ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപ് ആത്മഹത്യ ചെയ്തു. വിചാരണയില്ലാത വിട്ടയയ്ക്കണമെന്ന് എട്ട് വർഷം ഹെെക്കോടതിയിലും സുപ്രീംകോടതിയിലുമായി പ്രതികൾ നിയമപോരാട്ടം നടത്തിയതാണ് വിചാരണ വൈകിപ്പിച്ചത്. 2019 ഓഗസ്റ്റ് അഞ്ചിനാണ് തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ വിചാരണ ആരംഭിച്ചത്. ഇതിനിടെ രണ്ടാം പ്രതി ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കി. 133 സാക്ഷികളുണ്ടായിരുന്ന കേസിൽ നിർണ്ണായക സാക്ഷികളടക്കമുളളവർ കൂറുമാറിത്തുടങ്ങിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരടക്കം 49 സാക്ഷികളിലേക്ക് പ്രോസിക്യൂഷൻ സാക്ഷിവിസ്താരം ചുരുക്കി. വിധിന്യായത്തിലുടനീളം പ്രതികളുടെ വഴിവിട്ട ബന്ധത്തെയും, തെളിവ് നശിപ്പിക്കാൻ പ്രതികൾ ബോധപൂർവ്വം ശ്രമിച്ചതിതിനെയും കുറിച്ച് കോടതി പ്രതിപാദിക്കുന്നു. സാക്ഷി മൊഴികളും സാഹചര്യത്തെളിവുകളും അടിസ്ഥാനമാക്കി സി.ബി.ഐ നടത്തിയ വാദം കോടതി അംഗീകരിച്ചു. ഇതിന് ബലമേകാൻ ഫോറൻസിക് പരിശോധനാഫലം, പോസ്റ്റ് മോർട്ടം റിപ്പോർട്ട് , സിസ്റ്റർ സെഫിയുടെ വെെദ്യ പരിശോധനാഫലം എന്നിവ മാത്രമാണ് സി.ബി.ഐ ഉപയോഗിച്ചത്. ശാസ്ത്രീയ പരിശോധനകളായ ബ്രെയിൻ മാപ്പിംഗ്, ബ്രെയിൻ ഫിംഗർ പ്രിന്റ് ടെസ്റ്റ് , പോളീഗ്രാഫ് ടെസ്റ്റ് , നാർക്കോ പരിശോധനാഫലങ്ങൾ എന്നിവ തെളിവായി പരിഗണിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.