sabarimala

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശബരിമല ദർശനത്തിന് 5000 പേരെ പ്രവേശിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ചൊവ്വാഴ്ച ചേർന്ന ശബരിമല ഉന്നതാധികാര സമിതി യോഗത്തിന് ശേഷം എ.ഡി.എം ഡോ. അരുൺ വിജയ്, സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫീസർ എ.എസ്. രാജു എന്നിവർ പറഞ്ഞു. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകൾക്കുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ നൽകി.

നിലവിലെ വെർച്ച്വൽ ക്യൂ സംവീധാനം വഴി മാത്രമാവും ഭക്തർക്ക് പ്രവേശനാനുമതി നൽകുക.

നിലക്കൽ മുതൽ നിശ്ചിത എണ്ണം ഭക്തരെ മാത്രമേ പമ്പയിലേക്കും തുടർന്ന് സന്നിധാനത്തേക്കും കടത്തി വിടുകയുള്ളൂ.

ദർശനത്തിനായി ബുക്ക് ചെയ്യുമ്പോൾ അനുവദിക്കുന്ന സമയത്ത് മാത്രമാണ് ഭക്തർക്ക് സന്നിധാനത്തേക്ക് പ്രവേശനം. മണ്ഡല പൂജക്കും 5000 പേർക്ക് മാത്രമേ ദർശനാനുമതിയുണ്ടാവൂ.

5000 പേർക്കുള്ള ശുചിമുറി സംവീധാനം, വെള്ളം, കൊവിഡ് മാനദണ്ഡ പ്രകാരം ക്യൂ നിൽക്കുന്നതിനുള്ള സൗകര്യം, ഇവരെ നിയന്ത്രിക്കുന്നതിനുള്ള ഉദ്യോഗസ്ഥരെ വിന്യസിക്കൽ എന്നിവ പൂർത്തിയായിട്ടുണ്ട്.

ദർശനം പൂർത്തിയാക്കുന്ന ഭക്തർ അതാത് ദിവസം തന്നെ മടങ്ങിപ്പോകുന്നത് ഉറപ്പ് വരുത്തും.

നട തുറന്നിരിക്കുന്ന 14 മണിക്കൂറിൽ 10 മണിക്കൂറാണ് ഭക്തർക്ക് ദർശനത്തിന് അനുമതിയുള്ളത്.

ഒരു മണിക്കൂറിൽ 500 പേർക്കാണ് ദർശനത്തിന് അവസരം.

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഡിസംബർ 26 ന് ശേഷം ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർ 48 മണിക്കൂറിനുള്ളിൽ എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. എൻ.എ.ബി.എൽ അക്രഡിറ്റ് ചെയ്ത ഐ.സി.എം.ആർ അംഗീകൃത ലബോറട്ടറികളിൽ നിന്ന് തീർഥാടകർക്ക് ആർ.ടി.പി.സി.ആർ, ആർ.ടി ലാംബ്, എക്സ്പ്രസ് നാറ്റ് പരിശോധനയ്ക്ക് വിധേയമാകാം.
ഡ്യൂട്ടിയിൽ വിന്യസിക്കുന്നതിന് മുമ്പ് പരിശോധന നടത്തിയിട്ടുണ്ടെങ്കിലും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരിൽ നിന്നുള്ള പോസിറ്റീവ് രോഗികളുടെ എണ്ണം കൂടുതലായതിനാൽ, എല്ലാ തീർത്ഥാടകരും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ആർ.ടി.പി.സി.ആർ അടിസ്ഥാനമാക്കി കൂടുതൽ പരിശോധനയ്ക്ക് വിധേയമാകണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.