sugatha-kumari

തിരുവനന്തപുരം: കേരളമാകെ കവിതയുടെ രാത്രി മഴ പെയ്യിച്ച കവയിത്രിക്ക് സാംസ്‌കാരിക കേരളം യാത്രാമൊഴി ചൊല്ലി. അന്തിമോപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും ആയിരങ്ങൾ പാളയത്തെ അയ്യങ്കാളിഹാളിലേക്ക് ഒഴുകിയെത്തി. വേർപാടിന്റെ വേദന ഉള്ളിലാെതുക്കി പ്രകൃതിയും നിശബ്ദമായിരുന്നു. അപ്പോഴും ഹാളിൽ ടീച്ചറുടെ കവിതകൾ സ്പീക്കറിലൂടെ നിലയ്ക്കാതെ മുഴങ്ങുന്നുണ്ടായിരുന്നു. പനിനീർ പൂക്കളാൽ അലങ്കരിച്ച ചിത്രത്തിന് മുന്നിൽ അന്തിമോപചാരമർപ്പിക്കാനെത്തിയവരുടെ കണ്ണുകൾ ഇൗറനണിഞ്ഞു. ടീച്ചറമ്മയെ അവസാനമായി ഒരുവട്ടം കൂടി കാണനാവത്തതിന്റെ നൊമ്പരം അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അത്താണിയിലെ കുരുന്നുകളുടെ കണ്ണിലും തളംകെട്ടി. കൊവിഡ് മരണമായതിനാലായിരുന്നു പൊതുദർശനം അനുവദിക്കാതിരുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതലാണ് ടീച്ചറുടെ ഛായാചിത്രത്തിന് മുന്നിൽ പൊതുജനങ്ങൾക്ക് പുഷ്പാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കിയിരുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനും കളക്ടർ നവ്ജ്യോത് ഖോസയുമാണ് ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചത്. 3.45ഓടെ ബന്ധുക്കളും സഹപ്രവർത്തകരും ജനപ്രതിനിധികളും ശാന്തികവാടത്തിലേക്ക് പോകുന്നതുവരെയും ജനങ്ങളുടെ ഒഴുക്ക് നിലച്ചില്ല. മകൾ ലക്ഷ്മി ദേവി, സഹോദരിമാരുടെ മക്കളായ ശ്രീദേവി പിള്ള, പത്മനാഭൻ, ചെറുമകൻ വിഷ്ണു എന്നിവരും അയ്യങ്കാളി ഹാളിലുണ്ടായിരുന്നു. മന്ത്രിമാരായ കെ.കെ. ശൈലജ, ജെ.മേഴ്സികുട്ടിയമ്മ, എ.കെ. ബാലൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എസ്. സുനിൽകുമാർ എന്നിവർ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, കെ. മുരളീധരൻ എം.പി, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, എം. മുകേഷ്, കെ.സി. ജോസഫ്, ഷാഫി പറമ്പിൽ, കെ.എസ്. ശബരിനാഥൻ, സി. ദിവാകാരൻ, സി.കെ.ശശീന്ദ്രൻ,വി.എസ്.ശിവകുമാർ, മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി,സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കർദിനാൾ മാർ ബസോലിയസ് ക്ലിമീസ് കാതോലിക്ക ബാവ, ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, സി.എസ്. സുജാത, സി.പി. ജോൺ, പാലോട് രവി, എം.വിജയകുമാർ, വി. ശിവൻകുട്ടി,​ എൻ. ശക്തൻ, കുമ്മനം രാജശേഖരൻ, വി. വിരാജേഷ്, ആനാവൂർ നാഗപ്പൻ, നെയ്യാറ്റിൻകര സനൽ, നടൻ മധുപാൽ, കവി മധുസൂദനൻ നായർ, പ്രഭാവർമ്മ, സൂര്യകൃഷ്ണമൂർത്തി, തുടങ്ങിയവരും അനുശോചനമറിയിച്ച് അയ്യങ്കാളിഹാളിലെത്തിയിരുന്നു.