thomas-isaac

മന്ത്രി ചട്ടം ലംഘിച്ചത് ബോധപൂർവ്വമെന്ന് സതീശൻ

തിരുവനന്തപുരം: കിഫ്ബിക്കെതിരായ പരാമർശങ്ങളടങ്ങിയ സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുമ്പ് ചോർത്തിയതിനെതിരെ പ്രതിപക്ഷം നൽകിയ അവകാശലംഘന നോട്ടീസിൽ പ്രിവിലജസ് ആൻഡ് എത്തിക്സ് കമ്മിറ്റി ഈ മാസം 29ന് രാവിലെ ധനമന്ത്രി തോമസ് ഐസക്കിനെ വിസ്തരിക്കും. മന്ത്രി അന്ന് രാവിലെ സമിതി മുമ്പാകെ ഹാജരാകണം. ജനുവരി 8ന് സഭാസമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് എ. പ്രദീപ് കുമാർ അദ്ധ്യക്ഷനായ സമിതിയുടെ നീക്കം.
പരാതി നൽകിയ വി.ഡി. സതീശൻ എം.എൽ.എയെ ഇന്നലെ സമിതി വിസ്‌തരിച്ചു. ധനമന്ത്രി ബോധപൂർവ്വമാണ് ചട്ടം ലംഘിച്ചതെന്നും ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നും സതീശൻ ബോധിപ്പിച്ചെന്നാണ് വിവരം. ഭരണഘടന പ്രകാരം സി.എ.ജി റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കുമ്പോൾ മാത്രമാണ് പൊതുരേഖയാവുക. അതിന് മുമ്പ് അതിലെ വിവരങ്ങൾ വാർത്താസമ്മേളനം നടത്തി മന്ത്രി തന്നെ പുറത്തുവിട്ടാൽ നിയമസഭയുടെ പാവനത്വം ഇല്ലാതാവും. ഇങ്ങനെ വിവരങ്ങൾ പുറത്തുവിടുന്നത്

കീഴ്‌വഴക്കമാകും. സി.എ.ജി റിപ്പോർട്ടുകളിൽ എല്ലാ കാലത്തും വിവിധ വകുപ്പുകളെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടാകും. അതെല്ലാം വകുപ്പുമന്ത്രിമാർ വാർത്താസമ്മേളനം നടത്തി രാഷ്ട്രീയദുരുദ്ദേശ്യമാണെന്ന് ആരോപിച്ച് പുറത്തുവിട്ടാൽ നിയമസഭയ്ക്കും സി.എ.ജി റിപ്പോർട്ടിനും എന്ത് പ്രസക്തി? മുമ്പ് അച്യുതമേനോൻ ധനകാര്യമന്ത്രിയായിരിക്കെ കൗമുദിയിൽ കെ. ബാലകൃഷ്ണൻ വിവരങ്ങൾ ചോർത്തി പ്രസിദ്ധീകരിച്ചതിനെതിരെ കേസെടുത്തപ്പോൾ കോടതി ചൂണ്ടിക്കാട്ടിയത് വാർഷിക ധനകാര്യ സ്റ്റേറ്റ്മെന്റ് സഭയിൽ വയ്ക്കും മുമ്പ് ചോർന്നത് ഔദ്യോഗിക രഹസ്യനിയമത്തിന്റെ ലംഘനമാണെന്നാണ്. സമാനസ്ഥിതിയാണ് ഇവിടെയും. സ്പീക്കർ നൽകുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാമെന്ന ധനമന്ത്രിയുടെ വാദവും കുറ്റസമ്മതമാണ്.

സി.എ.ജി നടപടിക്രമങ്ങൾ ലംഘിച്ചെന്ന മന്ത്രിയുടെ വാദം സമിതിയംഗങ്ങൾ ചൂണ്ടിക്കാട്ടി. കരട് റിപ്പോർട്ടെന്ന് പറഞ്ഞ് വാർത്താസമ്മേളനം നടത്തിയ മന്ത്രി അത് സി.എ.ജിയോട് തന്നെയായിരുന്നില്ലേ ചൂണ്ടിക്കാട്ടേണ്ടിയിരുന്നത് എന്ന് സതീശൻ മറുപടി നൽകിയെന്നാണ് അറിയുന്നത്. അല്ലെങ്കിൽ റിപ്പോർട്ട് സഭയിൽ വച്ച ശേഷം വാർത്താസമ്മേളനം നടത്താം. ഒൻപത് വർഷം ധനകാര്യമന്ത്രിയും അഞ്ച് കൊല്ലം പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അദ്ധ്യക്ഷനുമായിരുന്ന മന്ത്രിക്ക് നടപടിക്രമങ്ങൾ കൃത്യമായി അറിയാമെന്നാണ് വിശ്വസിക്കുന്നതെന്നും സതീശൻ വ്യക്തമാക്കിയതായാണ് വിവരം.