
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കയിൽ വിചാരണയിൽ നിന്ന് രക്ഷപെട്ടത് സി.ബി.ഐയിലെ ഒരു എസ്.ഐയുടെ പിഴവുകാരണം. വിചാരണ കൂടാത പൂതൃക്കയിലിനെ വിട്ടയച്ചതിനെതിരെ സി.ബി.ഐ ഉടൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകും.അഭയ കൊല്ലപ്പെട്ട കോൺവെന്റിന് എതിർവശത്തെ ജറുസലേം ചർച്ചിലെ നൈറ്റ് വാച്ച്മാനായിരുന്ന ചെല്ലമ്മദാസ് സി.ബി.ഐക്ക് നൽകിയ മൊഴി പൂതൃക്കയിലിന് എതിരായിരുന്നു. അഭയ കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് പൂതൃക്കയിലെന്ന് കരുതുന്നയാൾ സ്‌കൂട്ടറിലെത്തി കോൺവെന്റിന്റെ മതിൽ ചാടിക്കടക്കുന്നത് കണ്ടതായാണ് മൊഴി. കുറേ ദിവസങ്ങൾക്ക് ശേഷം വീണ്ടും കണ്ടതായും മൊഴിയുണ്ടായിരുന്നു. എന്നാൽ അഭയ കൊല്ലപ്പെട്ട ദിവസമാണോ പൂതൃക്കയിലിനെ കണ്ടതെന്ന് മൊഴി രേഖപ്പെടുത്തിയ സി.ബി.ഐ എസ്.ഐ ചോദിച്ചറിഞ്ഞില്ല. 2014ൽ ചെല്ലമ്മദാസ് മരിച്ചു. അതിനാൽ അദ്ദേഹത്തെ വിചാരണ നടത്താനായില്ല. തീയതി രേഖപ്പെടുത്താതിരുന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ പിഴവ് പൂതൃക്കയിൽ കോടതിയിൽ ചോദ്യംചെയ്തു. വിചാരണ കൂടാതെ പൂതൃക്കയിലിനെ വിട്ടയയ്ക്കാൻ വിചാരണക്കോടതി ഉത്തരവിട്ടു. രണ്ടു പേരെ കോൺവെന്റിൽ കണ്ടതായി അവിടെ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവും മൊഴി നൽകിയിരുന്നു. പക്ഷേ പൂതൃക്കയിലിനെതിരായ തെളിവുകൾ സമർത്ഥിക്കാൻ അന്നത്തെ പ്രോസിക്യൂട്ടറും പരാജയപ്പെട്ടു
പൂതൃക്കയിലിനെ വിട്ടയച്ചതിനെതിരെ ജോമോൻ അപ്പീൽ ഫയൽ ചെയ്തെങ്കിലും സി.ബി.ഐയാണ് ഫയൽ ചെയ്യേണ്ടതെന്ന് ഹൈക്കോടതി വിധിച്ചു. പിന്നീട് സി.ബി.ഐ അപ്പീൽ ഫയൽ ചെയ്തപ്പോൾ ജോമോന്റെ ഹർജിയുണ്ടെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. അഭയ കൊല്ലപ്പെട്ട ദിവസം കോൺവെന്റിൽ ഉണ്ടായിരുന്നതായി നാർക്കോ അനാലിസിസ് പരിശോധനയിൽ ജോസ് പൂതൃക്കയിൽ വെളിപ്പെടുത്തിയിരുന്നതായി രേഖയുണ്ട്. എന്നാൽ, പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ സമ്മത പ്രകാരവും അഭിഭാഷകന്റെ സാന്നിദധ്യത്തിലും വേണം പരിശോധന നടത്തേണ്ടതെന്ന സുപ്രീംകോടതി മാനദണ്ഡം പാലിച്ചില്ലെന്ന കാരണത്താൽ ശാസ്ത്രീയ പരിശോധനാ ഫലം തെളിവായി കോടതി സ്വീകരിച്ചില്ല. 2008ലാണ് പ്രതികളുടെ അറസ്റ്റുണ്ടായത്. 2009ൽ നാർക്കോ അനാലിസിസ് നടത്തി. സുപ്രീംകോടതി മാനദണ്ഡം പുറത്തിറക്കിയത് 2010ലായതിനാൽ അഭയാ കേസിൽ ബാധകമല്ലെന്നും വാദമുണ്ട്.