
പോത്തൻകോട്: പോത്തൻകോട് ബ്ലോക്കിലെ മുരുക്കുംപുഴ ഡിവിഷനിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എ. ഷഹീൻ മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചെങ്കിലും വിജയത്തിന്റെ സ്വർണത്തിളക്കം കൈവന്നത് തോന്നയ്‌ക്കൽ പുതുവൽ പുത്തൻവീട്ടിലെ വിലാസിനി അമ്മയ്‌ക്കാണ്. പ്രചാരണത്തിനിടെ വോട്ടുചോദിച്ച് വിലാസിനി അമ്മയുടെ വീട്ടിലെത്തിയ ഷഹീൻ തനിക്ക് വോട്ടു തരണമെന്ന് വിലാസിനി അമ്മയുടെ കൈപിടിച്ച് അഭ്യർത്ഥിച്ചു. 'ഞാൻ വോട്ടിട്ടാൽ മോൻ എനിക്ക് പൊന്നിന്റെ ചെറിയ കമ്മൽ വാങ്ങി തരുമോ ' എന്ന് തമാശ രൂപേണ വിലാസിനി അമ്മ ചോദിച്ചു. പിന്നെന്താ തിരഞ്ഞെടുപ്പ് കഴിഞ്ഞോട്ടെ എന്ന് മറുപടി നൽകി ഷഹീൻ മടങ്ങി. ഫലപ്രഖ്യാപനം വന്നപ്പോൾ മികച്ച ഭൂരിപക്ഷത്തിൽ ഷഹീൻ വിജയിച്ചു. വിജയാഹ്ലാദങ്ങൾക്കുശേഷം രണ്ടുഗ്രാമിന്റെ പുതുപുത്തൻ സ്വർണ്ണക്കമ്മലുമായി ഷഹീൻ വിലാസിനി അമ്മയെ കാണാനെത്തുകയായിരുന്നു. അയൽവാസികൾ ചേർന്ന് കമ്മൽ കാതുകളിൽ അണിയിച്ചപ്പോൾ സന്തോഷം കൊണ്ട് വിലാസിനി അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞു. പിന്നെ തലയിൽ കൈവച്ച് ഷഹീനെ അനുഗ്രഹിച്ചു.