
നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഓട്ടോത്തൊഴിലാളികൾ ഇപ്പോൾ ഏറെ ശ്രദ്ധനൽകുന്നത് തങ്ങളുടെ പച്ചക്കറി കൃഷിക്കാണ്. കൊവിഡും തുടർന്നുവന്ന ലോക്ക് ഡൗണും കാരണം ഓട്ടം ഇല്ലാതായതോടെയാണ് പച്ചക്കറി കൃഷി എന്ന ആശയം ഇവരിലെത്തുന്നത്. വിത്തും ചെടിച്ചട്ടിയും വാങ്ങാൻ ഓരോ ഓട്ടോക്കാരും മുതൽമുടക്കിയത് വെറും 10 രൂപയും. വെള്ളവും വളവും നൽകി തങ്ങളുടെ കൃഷിയെ പരിപാലിക്കാൻ എല്ലാവരും ഒരുപോലെ സഹകരിക്കുന്നുണ്ട്. അക്ഷയ കോംപ്ലക്‌സിനുളളിൽ പയർ, വെണ്ട, കത്തിരി, വഴുതന, ചീര, തക്കാളി ഉൾപ്പെടെയുളള പച്ചക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്. കീടനാശിനികൾ ഉപയോഗിക്കാതെ ജൈവവളവും ജൈവ കീടനാശിനിയുമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കോംപ്ലക്സിന്റെ ഗ്രില്ലിൽ പ്ലാസ്റ്റിക് ബോട്ടിലുകളെ ഉപയോഗപ്പെടുത്തി അലങ്കാര ചെടികളും ഇവർ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഇവിടെ വിളയുന്ന പച്ചക്കറികൾ തൊഴിലാളികൾക്കും നാട്ടുകാർക്കും കുറഞ്ഞ നിരക്കിൽ വാങ്ങാനുളള വിപണിയും ഒരുക്കിയിട്ടുണ്ട്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ദിവസവും തൊഴിലാളികളുടെ പേരിൽ തുടങ്ങിയിട്ടുള്ള ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ് പതിവ്. ഈ നിക്ഷേപ തുക തൊഴിലാളികളുടെ ആവശ്യത്തിനോ പൊതു ആവശ്യത്തിനോ ഉപയോഗിക്കാനാണ് സംഘാടകരുടെ ഉദ്ദേശം. വരും നാളുകളിൽ പച്ചക്കറി തോട്ടം വിപുലപ്പെടുത്താനാണ് ഓട്ടോതൊഴിലാളികളുടെ തീരുമാനം.