
കൊട്ടിയൂർ: ഗ്യാസിനായി ബുക്ക് ചെയ്ത് ഒന്നര മാസമായെങ്കിലും ഗ്യാസ് ലഭിക്കാത്തതിനാൽ ദുരിതത്തിലായിരിക്കുകയാണ് കൊട്ടിയൂർ പാലുകാച്ചിയിലെ നിരവധി കുടുംബങ്ങൾ. സാധാരണയായി തിങ്കളാഴ്ചയാണ് ഇതുവഴി ഗ്യാസ് കൊണ്ടുവരാറുള്ളത്. എന്നാൽ ആറാഴ്ചയായി ബുക്ക് ചെയ്തിട്ടും ഗ്യാസ് ലഭിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. ഇത് സംബന്ധിച്ച് ഏജൻസിയെ സമീപിക്കുമ്പോൾ തികച്ചും നിരുത്തരവാദിത്വപരമായ മറുപടിയാണ് ലഭിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.
ഗ്യാസ് കിട്ടാതായതോടെ പലരും ജോലി പോലും ഉപേക്ഷിച്ചാണിപ്പോൾ വഴിയോരങ്ങളിൽ ഗ്യാസ് സിലിണ്ടറിനായി കാത്തു നിൽക്കുന്നത്. മലയോര പ്രദേശമായതിനാൽ വാഹനമെത്താത്ത സ്ഥലങ്ങളിൽ നിന്നും ചുമന്നാണ് സിലിണ്ടറുകൾ റോഡരികിൽ എത്തിക്കുന്നത്. രാവിലെ എത്തിക്കുന്ന സിലിണ്ടർ വൈകുന്നേരം തിരികെ വീട്ടിലേക്കും ചുമന്നുകൊണ്ടു പോകും. ദിവസങ്ങളായി ഇത് തുടരുന്നതിനാൽ ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും പ്രദേശവാസികൾ പറയുന്നു. തന്നെയുമല്ല വിതരണം ചെയ്യുന്ന സിലിണ്ടറുകൾ കാലപ്പഴക്കം ചെന്നതായതു കൊണ്ടുതന്നെ പലർക്കും ചോർച്ചയുള്ള സിലണ്ടറുകൾ ലഭിച്ചതായും, സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പരാതിപ്പെട്ടപ്പോൾ വേണ്ടത്ര ഗൗരവം കൊടുക്കാതെ ദിവസങ്ങൾ കഴിഞ്ഞാണ് സിലിണ്ടറുകൾ പരിശോധിക്കാൻ എത്തിയതെന്നും പരാതിയുണ്ട്. ഗ്യാസ് ലഭിക്കാൻ ഇനിയും വൈകിയാൽ ക്രിസ്മസിന്റെ തലേദിവസം രാവിലെ ഗ്യാസ് ഏജൻസി ഓഫീസിന് മുന്നിൽ പ്രതിഷേധിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. അതേസമയം പ്രദേശത്തുകാർക്ക് എത്രയും പെട്ടന്നു തന്നെ ഗ്യാസ് എത്തിച്ചുകൊടുക്കുമെന്നാണ് ഏജൻസി അധികൃതർ പറയുന്നത്.