
തിരുവനന്തപുരം:സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുമതി തേടി ഫിലിം ചേംബർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ബാറുകൾ ഉൾപ്പെടെ തുറന്ന സാഹചര്യത്തിൽ തിയേറ്ററുകൾ പ്രവർത്തിക്കാൻ അനുമതി നൽകണം. സിനിമാ വ്യവസായം വൻ തകർച്ച നേരിടുന്നതിനാൽ ജി.എസ്.ടിക്ക് പുറമേ വിനോദനികുതിയും തിയേറ്റർ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്‌സഡ് ചാർജും ഒഴിവാക്കണം. കൊവിഡാനന്തരം റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് സബ്‌സിഡി നൽകണം. ടൂറിസം മേഖലയ്ക്ക് അനുവദിച്ചതുപോലെ പ്രത്യേക പാക്കേജ് വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ ഇളവുകളുടെ കാര്യം പിന്നീട് പരിഗണിക്കാമെന്ന് കഴിഞ്ഞ മാസം സിനിമാ സംഘടനകളുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഒക്ടോബർ 15 മുതൽ തിയേറ്ററുകൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. മാർച്ച് പത്തു മുതൽ തിയേറ്ററുകൾ അടഞ്ഞു കിടക്കുകയാണെങ്കിലും ഉപകരണങ്ങൾ പരിപാലിക്കുന്നതിനും മറ്റും തുക ചെലവാകുന്നുണ്ട്.