hair-growth

മുടികൊഴിച്ചിൽ തലയിൽ മാത്രമല്ല, ശരീരത്തിലെവിടെയും സംഭവിക്കാവുന്നതാണ്. താൽക്കാലികമായുണ്ടാകുന്ന തലമുടി കൊഴിച്ചിലും സ്ഥിരമായുണ്ടാകുന്ന മുടികൊഴിച്ചിൽ കാരണമുള്ള കഷണ്ടിയുമുണ്ട്. സാവകാശത്തിലും വളരെ വേഗത്തിലും മുടി കൊഴിയുന്നവരുമുണ്ട്. ഒരേ കുടുംബത്തിൽ ജനിച്ചവരാണെങ്കിൽ പോലും സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്ത രീതികളിലാണ് മുടികൊഴിച്ചിലുണ്ടാകുന്നത്.

ചിലരുടെ മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ സാധിക്കും. ചിലർക്ക് വർഷങ്ങളോളം നീളുന്നതും മരണംവരെ തുടരുന്നതുമായ മുടികൊഴിച്ചിലുണ്ട്.

ഹോർമോൺ വ്യതിയാനം, പോഷണക്കുറവ്, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, തൈറോയ്ഡ്, ടെൻഷൻ നിറഞ്ഞ ജീവിതം, ഉറക്കമിളച്ചുള്ള പഠിത്തവും ജോലിയും, ക്ലോറിൻ കലർന്ന വെള്ളത്തിലോ ഹാർഡ് വാട്ടറിലോയുള്ള കുളി, എരിവും പുളിയും അമിതമായി ഉപയോഗിക്കുന്ന ശീലം, വർദ്ധിച്ച ശരീരോഷ്മാവ് എന്നിവയുള്ള ചെറുപ്പക്കാരിലും മുടികൊഴിച്ചിലുണ്ടാകാം. മുടികൊഴിച്ചിലിന്
കാരണമായേക്കാവുന്ന പുരുഷഹോർമോണിന്റെ സാന്നിദ്ധ്യം ചെറുപ്പകാലത്ത് സ്ത്രീകളെക്കാൾ കൂടുതലായി പുരുഷന്മാരിൽ മുടികൊഴിച്ചിലിനെ ഉണ്ടാക്കുന്നു. പാരമ്പര്യവും ശീലങ്ങളും ഒരുപരിധിവരെ മുടി കൊഴിച്ചിലിന് കാരണമാണ്.

കൃത്യതയില്ലാത്ത ഭക്ഷണം, ചില രോഗങ്ങൾ, ചില രോഗചികിത്സക്കായി ഉപയോഗിക്കുന്ന മരുന്നുകൾ, റേഡിയോതെറാപ്പി എന്നിവയും മുടികൊഴിച്ചിലിന് കാരണമാകും.

ചൂടുവെള്ളത്തിൽ കുളിക്കുന്നത് മുടി കൊഴിച്ചിലിനെ വർദ്ധിപ്പിക്കും.തലയിൽ നന്നായി എണ്ണ തേച്ചുപിടിപ്പിച്ച് പച്ച വെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്.
ചികിൽസാർത്ഥം ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ കൂടുതൽ മുടി കൊഴിയുന്നതായി ചിലർക്ക് തോന്നാം.വാസ്തവത്തിൽ അത്രയും മുടിയൊക്കെ നേരത്തേയും കൊഴിയുന്നുണ്ടായിരിക്കണം. എന്നാൽ, ശ്രദ്ധിക്കും തോറും എണ്ണം കൂടിവരുന്നതായി പരിഭവിക്കുന്നവരുണ്ട്. എണ്ണ തേയ്ക്കുന്നത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കും. അത് മുടിവളർച്ചയെ സഹായിക്കുമെന്നതിനാൽ നന്നായി മസാജ് ചെയ്തു പുരട്ടുന്നതും നല്ലതാണ്.

15 മുതൽ 25 വർഷം വരെ സമയമെടുത്താണ് പലരും മുടി കൊഴിഞ്ഞ് കഷണ്ടി ആകുന്നത്. എന്നാൽ, അതു മനസ്സിലാക്കാതെ എന്റെ മുടി മുഴുവൻ നാളെ കൊഴിഞ്ഞു തീരുമെന്ന് വേവലാതിപ്പെടുന്നവരുണ്ട്. അതോർത്തുള്ള ടെൻഷൻ കാരണം വീണ്ടും മുടി കൊഴിച്ചിൽ കൂട്ടുന്നവരും കുറവല്ല. മുടികൊഴിച്ചിൽ അനുഭവപ്പെടുന്നവർക്ക് അത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ നോക്കുന്നതിന് ആവശ്യത്തിനു സമയം കിട്ടുമെന്നതാണ് യാഥാർത്ഥ്യം.

പ്രസവശേഷവും മുലയൂട്ടൽ കാലത്തും മുടികൊഴിച്ചിലുണ്ടാകുന്നത് ഭക്ഷണത്തിൽ ശ്രദ്ധിച്ച് പരിഹരിക്കാൻ സാധിക്കുന്നതാണ്. അല്ലെങ്കിൽ മരുന്നുകൾ ഉപയോഗിച്ച് അവ പരിഹരിക്കാവുന്നതേയുള്ളൂ.

മറ്റ് പ്രശ്നങ്ങളും പരിഹാരങ്ങളും


നമ്മൾ പ്രതിദിനം ആവശ്യമായത്രയും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പ്രോട്ടീൻ അടങ്ങിയ മത്സ്യം, മാംസം, മുട്ടയുടെ വെള്ള, പരിപ്പ് വർഗ്ഗങ്ങൾ തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തണം.

മുടി സ്റ്റൈലാക്കാൻ വലിച്ചു പിടിക്കുകയും, മുറുക്കി കെട്ടിവയ്ക്കുകയും, ഹീറ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക. തൈറോയ്ഡ് രോഗങ്ങൾ (പ്രത്യേകിച്ചും ആർത്തവവിരാമം ഉണ്ടായവരിൽ കാണുന്ന ഹൈപോതൈറോയിഡിസം), സിസ്റ്റമിക് ലൂപ്പസ് എരിത്തിമറ്റോസിസ്, പ്രമേഹം, വണ്ണക്കൂടുതൽ, ക്ഷീണം, ഡ്രൈ സ്കിൻ എന്നിവയുള്ളവർ ആ രോഗങ്ങൾക്കുള്ള ചികിത്സയും കൂടി ചെയ്യേണ്ടതുണ്ട്.

ചില വിറ്റാമിനുകളുടെ കുറവും മുടികൊഴിച്ചിലിന് കാരണമാകാം. മുടി കൊഴിച്ചിലുള്ളവർ വിറ്റാമിൻ ബി -12, വിറ്റാമിൻ- ഡി എന്നിവ പരിശോധിക്കുക. പ്രശ്നമുണ്ടെങ്കിൽ പരിഹരിക്കുക.

ഇരുമ്പിന്റെ അഭാവം മുടികൊഴിച്ചിലിനു കാരണമാകാം.ആർത്തവ സമയത്ത് വർദ്ധിച്ച ബ്ലീഡിംഗ് ഉള്ളവർക്കും മാംസാഹാരം ഉപയോഗിക്കാത്തവർക്കും ചീരയും മറ്റ് ഇലവർഗ്ഗങ്ങളും ഇരുമ്പ് ചട്ടിയിൽ പാകംചെയ്ത് കഴിക്കാത്തവർക്കും ശരീരത്തിൽ ഇരുമ്പിന്റെ അംശം വർദ്ധിപ്പിക്കുവാനുള്ള മറ്റ് മാർഗ്ഗങ്ങൾ നോക്കേണ്ടിവരും.

മുടി വളർച്ചയെ സഹായിക്കുന്നവിധം തലയോട്ടിയെ ആരോഗ്യമുള്ളതാക്കി വയ്ക്കുക. ഡ്രൈ സ്കിൻ, ഡാൻഡ്രഫ് അഥവാ താരണം തുടങ്ങിയവ മുടികൊഴിച്ചിലിനിടയാക്കും.

ആരോഗ്യമുള്ളവരുടെ മുടിയും ആരോഗ്യത്തോടെ ഇരിക്കും. അതിനാൽ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ കൂടി മുടി കൊഴിച്ചിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.അതിനായി വ്യായാമം ചെയ്യുകയും ജങ്ക് ഫുഡ് ഒഴിവാക്കുകയും വേണം.

ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം.അതിനായി ബേക്കറി സാധനങ്ങൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം. ഡ്രൈ സ്കിൻ ഉള്ളവർ ഉപ്പ് സാധാരണ പോലെ ഉപയോഗിക്കുന്നത് പോലും വീണ്ടും രോഗത്തെ വർദ്ധിപ്പിക്കും.

സോപ്പ്, ഷാംപൂ എന്നിവ തലയിൽ തേയ്ക്കുന്നത് പലപ്പോഴും നല്ലതല്ല. വീര്യം കുറഞ്ഞ ഷാംപൂ ആണെങ്കിൽ ആഴ്ചയിലൊരിക്കലോ അഞ്ചു ദിവസത്തിലൊരിക്കലോ ഉപയോഗിക്കാം. എല്ലാ ദിവസവും തലയിൽ എണ്ണ തേയ്ക്കുന്നത് നല്ലതാണ്. ഷാംപൂ ഉപയോഗിക്കുന്ന ദിവസവും അതിനുമുമ്പായി തലയിൽ എണ്ണ തേയ്ക്കണം. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ഹെയർകണ്ടീഷണർ ഉപയോഗിക്കാവുന്നതാണ്.

മുടി കൊഴിച്ചിലുള്ളവർ ഇടതിങ്ങിയ ചീർപ്പുകൾ ഒഴിവാക്കുക. അകലമുള്ള പല്ലുകളുള്ള ചീർപ്പ് ഉപയോഗിക്കുക. മുടി നനഞ്ഞിരിക്കുമ്പോൾ ചീകരുത്.

പോണീ സ്റ്റൈൽ, മുടി ചുരുട്ടുക, സ്ട്രെയ്റ്റൻ ചെയ്യുക, മുടി ഹീറ്റ് ചെയ്യുക, കെമിക്കൽ ട്രീറ്റ്മെൻറ്കൾ, ഹെയർ കളർ, ഹെയർ ഡൈ ചെയ്യുക എന്നിവയും മുടി കൊഴിച്ചിൽ സാരമായിട്ടുള്ളവർ ഒഴിവാക്കണം.

ദിവസവും രണ്ടു നേരം ചുവന്നുള്ളിയുടെ (കൊച്ചുള്ളി) നീര് തലയോട്ടിയിൽപുരട്ടുന്നത് മുടി വളരാൻ സഹായിക്കും. ചുവന്നുള്ളി ചേർത്ത് കാച്ചിയെടുക്കുന്ന വെളിച്ചെണ്ണ തലയിൽ തേച്ചു കുളിക്കുന്നതും ഗുണകരമാണ്.

ടെൻഷൻ കാരണമുള്ള മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് യോഗ പരിശീലിക്കാവുന്നതാണ്.

കാൻസർ, രക്തസമ്മർദ്ദം , ഡിപ്രഷൻ അഥവാ വിഷാദ രോഗം എന്നിവയ്ക്ക് മരുന്ന് ഉപയോഗിക്കുന്നവർക്കും കാൻസർ രോഗത്തിന് ചെയ്യുന്ന റേഡിയേഷൻ, ഗർഭാവസ്ഥ, പ്രസവാനന്തരം, ആർത്തവവിരാമം എന്നീ സമയങ്ങളിലും മുടികൊഴിച്ചിൽ വർദ്ധിക്കാം.

വെളിച്ചെണ്ണയിൽ അടങ്ങിയിട്ടുള്ള ലോറിക് ആസിഡിന്റെ സാന്നിദ്ധ്യം മുടികൊഴിച്ചിൽ മാറ്റുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കുന്ന റിസർച്ചുകൾ ധാരാളമുണ്ട്. തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുമ്പോൾ മുടിയുടെ വളർച്ചയെ സഹായിക്കുന്നതിനൊപ്പം ത്വക്കിന്റെ രൂക്ഷത മാറ്റി മൃദുത്വമുള്ളതാക്കുന്നതിനും വെളിച്ചെണ്ണ നല്ലതാണ്.
ഒലിവ് ഓയിലും വെളിച്ചെണ്ണയുടെ ഗുണം ചെയ്യും. മുടികൊഴിച്ചിലകറ്റാൻ വേണ്ടി എന്തും ചെയ്യാനോടുന്നവർ ദിവസവും 100 മുടികൾ വരെ ഒരാളിന് ഒരു കാരണവുമില്ലാതെ കൊഴിഞ്ഞുപോകുന്നുണ്ട് എന്ന കാര്യം പ്രത്യേകം ഓർമ്മിക്കുന്നത് നല്ലതാണ്.