
തിരുവനന്തപുരം: ജനുവരി ഒന്നുമുതൽ വാഹനങ്ങൾ രാജ്യത്തെ ദേശീയ പാതകളിലെ ടോൾ പ്ലാസ കടക്കുമ്പോൾ ഫാസ്ടാഗ് നിർബന്ധം. ഇതിനായി മോട്ടോർ വാഹന ചട്ടങ്ങളിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തി. കേരളത്തിൽ തൃശൂർ പാലിയേക്കരയിലും എറണാകുളത്ത് അരൂരിനടുത്തുമുള്ള ടോൾ പ്ലാസകളിൽ ഇതു ബാധകമാണ്.
സാങ്കേതിക വിദ്യയാൽ നിയന്ത്രിതമായതിനാൽ ആർക്കും സൗജന്യം ലഭിക്കില്ല. സൗജന്യ യാത്ര നടത്തിയിരുന്ന പ്രദേശവാസികളുടെ വാഹനങ്ങൾക്കും സർക്കാർ വാഹനങ്ങൾക്കും ഇതു തിരിച്ചടിയാകും. ഇവർക്കായി മനുഷ്യനിയന്ത്രിതമായ ഒരു ഗേറ്റ് നിലനിറുത്തിയാലും ഇരട്ടിത്തുക ഈടാക്കാനാണ് കേന്ദ്ര നിർദേശം. കെ.എസ്.ആർ.ടി.സിയിൽ നിന്ന് ചെറിയ തുകയാണ് ഈടാക്കിവരുന്നത്. ടോൾ നടത്തിപ്പുകാർ ബസുകളുടെ എണ്ണം കൂട്ടി രേഖപ്പെടുത്തിയെന്നു പറഞ്ഞ് കേസ് നടക്കുകയാണ്. ഇനി ഇളവ് ലഭിക്കാൻ സാധ്യതയില്ല. കേന്ദ്രസർക്കാരിനെ സമീപിച്ച് ഇളവ് നിലനിറുത്താനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.
രണ്ടു കോടിയിലധികം വാഹനങ്ങൾ ഫാസ്ടാഗ് പതിച്ചുകഴിഞ്ഞു. ടോൾ പ്ലാസകളിലെ വരുമാനത്തിന്റെ 80 ശതമാനവും ഇതുവഴിയാണ്.
 ഫാസ്ടാഗ് കിട്ടാൻ
1.കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന് (മോർത്ത്) കീഴിലുള്ള ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പനിയാണ് വിതരണം ചെയ്യുന്നത്.
2.ആമസോൺ, പേ ടി.എം. സ്നാപ് ഡീൽ തുടങ്ങിയ ഓൺലൈൻ പ്ലാറ്ര് ഫോമുകളിലൂടെയും ബാങ്കുകളിലൂടെയും ലഭിക്കും.
3. പ്രീപെയ്ഡ് സംവിധാനമാണിത്. വാഹനത്തിൽ ഒട്ടിച്ച ഫാസ്ടാഗിലെ അക്കൗണ്ടിൽ നിന്ന് പ്ലാസയിലൂടെ കടന്നുപോകുമ്പോൾ ടോൾ തുക കുറയും. അക്കൗണ്ടിലേക്ക് വീണ്ടും പണമിട്ടാൽ മതി.
പ്രവർത്തനം
# വാഹനത്തിലൊട്ടിച്ച ഫാസ് ടാഗിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പിൽ നിന്ന് ടോൾ പ്ലാസയിലെ സ്കാനറിലേക്ക് ഇലക്ട്രോണിക് കമ്യൂണിക്കേഷൻ നടക്കും. അക്കൗണ്ടിൽ നിന്ന് തുക കുറയും. ഇതോടെ ടോൾ ഗേറ്ര് തുറക്കും. എസ്.എം.എസ് സന്ദേശം മൊബൈലിൽ എത്തും.
# നേട്ടം
വാഹനങ്ങൾ കാത്തുകിടക്കുന്നത് ഒഴിവാക്കാം. അതുവഴി സമയലാഭവും ഇന്ധന ലാഭവും.