1

തിരുവനന്തപുരം: ഡൽഹി കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ അനുമതി നിഷേധിച്ച ഗവർണർക്കു മുന്നിൽ കീഴടങ്ങേണ്ടെന്ന് തീരുമനിച്ച സർക്കാർ ഇതേ വിഷയത്തിൽ 31ന് പ്രത്യേക സഭാസമ്മേളനം ചേരുന്നതിന് പുതിയ ശുപാർശ നൽകും.

ഭൂരിപക്ഷ സർക്കാരിന്റെ തീരുമാനത്തിന് അനുമതി നിഷേധിക്കാനുള്ള വിവേചനാധികാരം ഗവർണർക്കില്ലാത്തതിനാൽ വീണ്ടും അനുമതി നൽകിയില്ലെങ്കിൽ നിയമ നടപടിയിലേക്ക് കടക്കാനും ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാൽ, ഗവർണറോട് ഏറ്റുമുട്ടലിനെന്ന പ്രതീതി സൃഷ്ടിക്കില്ല. പ്രകോപനപരമായ പ്രതികരണങ്ങൾ മുഖ്യമന്ത്രിയോ മന്ത്രിമാരോ പരസ്യമായി നടത്തില്ല.

31ന് വൈകിട്ട് മന്ത്രിസഭായോഗം ചേർന്ന് ഈ സമ്മേളനം പ്രറോഗ് ചെയ്യാനും ജനുവരി 8ന് അടുത്ത സഭാസമ്മേളനത്തിനുള്ള ശുപാർശ നൽകാനും തീരുമാനിക്കും. പുതുവർഷ സമ്മേളനത്തിൽ ഗവർണർ അവതരിപ്പിക്കേണ്ട നയപ്രഖ്യാപനത്തിന്റെ കരടിനും മന്ത്രിസഭായോഗം അംഗീകാരം നൽകി.

23ന് സഭാസമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ നിരസിച്ച നടപടി ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവർണർക്ക് അന്നു രാത്രിതന്നെ കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കഴിഞ്ഞ ദിവസം ഗവർണർ ദീർഘമായ മറുപടിക്കത്തും നൽകി. എന്നാൽ, നിയമസഭാസമ്മേളനം വിളിക്കാനുള്ള മന്ത്രിസഭയുടെ ശുപാർശ അംഗീകരിക്കണമെന്ന വ്യവസ്ഥ പരോക്ഷമായി ഗവർണർ കത്തിൽ സമ്മതിക്കുന്നുണ്ട്.

അവകാശത്തിന്മേലുള്ള കടന്നുകയറ്റം: മുഖ്യമന്ത്രി

അനുമതി നിഷേധിച്ച ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. ഭൂരിപക്ഷ മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കുന്നതിന് പകരം, എന്തിന് നിയമസഭ ചേരണമെന്നൊക്കെയുള്ള ചോദ്യങ്ങൾ ഗവർണർക്ക് ഉന്നയിക്കാനാവില്ല. മന്ത്രിസഭയുടെയും നിയമസഭയുടെയും അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവർണറുടേത്. ഏത് വിഷയത്തിലും പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേർക്കുന്നത് തെറ്റായ കാര്യമല്ല. നിയമവിരുദ്ധമായ കാര്യമുണ്ടായാൽ ഗവർണർക്ക് ചൂണ്ടിക്കാട്ടാം. തിരുത്തി അയച്ചാൽ പിന്നെ അംഗീകരിക്കണം. ഭൂരിപക്ഷമുള്ള സർക്കാരിന്റെ അവകാശം സ്ഥാപിച്ചെടുക്കേണ്ടത് പാർലമെന്ററി ജനാധിപത്യത്തിന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. എന്നാൽ, തെറ്റായ സന്ദേശത്തിന് അവസരമുണ്ടാക്കേണ്ടതില്ല. ഇതിനർത്ഥം ഗവർണറെ എതിർത്ത് തോല്പിക്കണമെന്നല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

.

ബദൽ കാർഷിക നിയമ നിർമ്മാണം

വിവാദ കാർഷിക നിയമങ്ങൾക്ക് കേരളത്തിൽ തടയിടാൻ സംസ്ഥാന സർക്കാർ ബദൽ നിയമ നിർമ്മാണത്തിനൊരുങ്ങുന്നു. ഇതിന്റെ കരട് നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കൃഷി വിദഗ്ദ്ധരുമായി ചർച്ച നടത്തി വരികയാണ്. എട്ടിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നിയമനിർമ്മാണം കൊണ്ടുവരാനാണ് നീക്കം.