
കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാനത്തിന്റെ പ്രതിഷേധം പ്രകടിപ്പിക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടാനുള്ള തീരുമാനത്തിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. ഈ വിഷയത്തിൽ ഗവർണറുമായി ഇടയാൻ തന്നെയാണ് സർക്കാർ ഒരുങ്ങുന്നത്. ഡിസംബർ 23-ന് പ്രത്യേക സമ്മേളനം വിളിച്ചുചേർക്കണമെന്ന ആവശ്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രണ്ടുവട്ടം നിരാകരിച്ചിരുന്നു. തുടർന്ന് ഈ നീക്കം ഉപേക്ഷിച്ചുവെന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുകയും ചെയ്തു. വിഷയത്തിൽ ഗവർണറും സർക്കാർ പ്രതിനിധികളും തമ്മിൽ വാക്പോരു തുടരുന്നതിനിടയിലാണ് പുതിയ തീരുമാനവുമായി സർക്കാർ രംഗത്തുവന്നിരിക്കുന്നത്. ഡിസംബർ 31-ന് നിയമസഭ സമ്മേളിച്ച് കേന്ദ്ര കാർഷിക നിയമങ്ങളെ തള്ളിപ്പറയുന്ന പ്രമേയം പാസാക്കാനാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം. ഇതിനായി വീണ്ടും ഗവർണറെ സമീപിക്കും. മുൻപ് രണ്ടുതവണ സർക്കാരിന്റെ ഇതുസംബന്ധിച്ച ശുപാർശ തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ഗവർണറുടെ പുതിയ നിലപാടറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
പ്രത്യേക നിയമസഭാ സമ്മേളന പ്രശ്നത്തിൽ ഗവർണറും സർക്കാരും തമ്മിൽ ഉടലെടുത്തിരിക്കുന്ന തർക്കം കൂടുതൽ ആശാസ്യമല്ലാത്ത ഒരു തലത്തിലേക്കു വളരാൻ ഇടയാക്കുന്നതാണ് പുതിയ നീക്കം. ജനുവരി 8-ന് നിയമസഭ ബഡ്ജറ്റ് സമ്മേളനത്തിനായി കൂടാനിരിക്കുകയാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് ഹ്രസ്വ നോട്ടീസിൽ പ്രത്യേക സമ്മേളനത്തിനുള്ള ശുപാർശ ഗവർണർ നേരത്തെ നിരസിച്ചത്. ജനാധിപത്യ ഭരണ സമ്പ്രദായത്തിൽ അത്തരത്തിലൊരു തീരുമാനമെടുക്കാൻ ഗവർണർക്ക് അധികാരമോ അവകാശമോ ഇല്ലെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഏതായാലും കൂടുതൽ ഏറ്റുമുട്ടലിലേക്കു പോകാൻ സർക്കാരും വിമുഖത കാട്ടിയപ്പോൾ പ്രശ്നം തത്കാലം അവിടെ അവസാനിച്ചു എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ഗവർണറുടെ സ്വേച്ഛാപരമായ നിലപാടിന് സർക്കാർ വഴങ്ങേണ്ടതില്ലെന്നാണ് ഭരണ - പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ നേതൃത്വങ്ങൾ ഏക സ്വരത്തിൽ പറയുന്നത്. ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച മൃദു സമീപനത്തെ പ്രതിപക്ഷം രൂക്ഷമായി വിമർശിക്കാൻ തുടങ്ങിയതോടെ സർക്കാർ വെട്ടിലുമായി. തുടർന്നാകണം പ്രത്യേക സമ്മേളനമെന്ന മുൻ തീരുമാനം നടപ്പാക്കാൻ വീണ്ടും ഗവർണറെ സമീപിക്കാനുള്ള നീക്കം. പുതിയ ശുപാർശയും ഗവർണർ നിരാകരിക്കുന്ന സാഹചര്യമുണ്ടായാൽ അടുത്ത നടപടി എന്താകുമെന്ന് അറിയില്ല. ഒട്ടും ആശാസ്യമല്ലാത്ത തർക്കവിഷയങ്ങളിലാകും അതു ചെന്നെത്തുക. ഭരണഘടനാ വ്യവസ്ഥകൾ ഉൾപ്പെട്ടതിനാൽ വ്യവഹാരവും പ്രതീക്ഷിക്കാവുന്നതാണ്.
സാധാരണഗതിയിൽ നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടാനുള്ള ശുപാർശ സമർപ്പിക്കുമ്പോൾ ഗവർണർ അനുമതി നൽകുകയാണു പതിവ്. സമ്മേളനത്തിലെ കാര്യപരിപാടികളെക്കുറിച്ചോ ചർച്ചാവിഷയങ്ങളെക്കുറിച്ചോ അന്വേഷിക്കുന്ന പതിവില്ല. എന്നാൽ പ്രത്യേക സമ്മേളനത്തിനായി ഡിസംബർ 23-ന് നിയമസഭ വിളിച്ചുചേർക്കാനുള്ള ശുപാർശ സമർപ്പിക്കപ്പെട്ടപ്പോൾ ഗവർണർ അതിന്റെ കാരണം ആരായുകയാണുണ്ടായത്. മാത്രമല്ല അടിയന്തരമായി സഭ വിളിച്ചുചേർക്കേണ്ട സാഹചര്യമില്ലെന്ന നിലപാടും എടുത്തു. ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോഴാണ് കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളെക്കുറിച്ചു ചർച്ചചെയ്യാനാണെന്ന് വിശദീകരണം നൽകിയത്. സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ പെടാത്ത ഒരു പ്രശ്നത്തിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം കൂടുന്നതിലെ ഔചിത്യമില്ലായ്മയും ഗവർണർ ചോദ്യം ചെയ്തിരുന്നു. ഗവർണറുടെ സംശയങ്ങൾ പ്രസക്തമാണെങ്കിലും അത്തരത്തിലൊരു ചോദ്യമുന്നയിക്കാൻ അദ്ദേഹത്തിന് നിയമ പ്രകാരം അവകാശമില്ലെന്നതാണ് വസ്തുത. നിയമസഭ എന്തൊക്കെ ചർച്ചചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരം സഭയ്ക്കു മാത്രമായിരിക്കെ ചർച്ചാവിഷയങ്ങളുടെ സാധുത താൻ കൂടി അറിയണമെന്നു ശഠിക്കുന്നത് അനാവശ്യ തർക്കങ്ങളും വിവാദങ്ങളും ക്ഷണിച്ചുവരുത്തലാണ്. നിയമജ്ഞൻ കൂടിയായ ഗവർണർ ഭരണഘടനാ വ്യവസ്ഥകൾ അറിയാത്ത ആളൊന്നുമല്ല. ഭരണത്തലവനെന്ന നിലയിൽ സർക്കാരുമായി സദാ സൗഹൃദത്തിൽ കഴിയേണ്ട ആളാണ് ഗവർണർ. ഉന്നതമായ ആ പദവിക്കു ഗ്ളാനി സംഭവിക്കുന്ന ഒന്നും ഉണ്ടായിക്കൂടാത്തതാണ്. പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന സർക്കാരിന്റെ ശുപാർശ അംഗീകരിച്ചതുകൊണ്ട് വിശേഷാൽ എന്തെങ്കിലും സംഭവിക്കാനൊന്നും പോകുന്നില്ല. തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ ഭരണഘടനാപരമായ ആവശ്യം അംഗീകരിക്കേണ്ടതിനു പകരം തടസവാദങ്ങൾ നിരത്തി രാഷ്ട്രീയ പ്രശ്നമാക്കി മാറ്റുന്നത് ആശാസ്യമല്ല. ഏതു വിഷയത്തിലും സർക്കാരിനോട് വിശദീകരണം തേടാൻ ഗവർണർക്ക് അധികാരമുണ്ട്. നിയമവിരുദ്ധമായ ശുപാർശകൾ തള്ളാനും അധികാരമുണ്ട്. എന്നാൽ നിയമസഭ വിളിച്ചുകൂട്ടണമെന്ന ശുപാർശ നിരാകരിക്കാൻ നിലവിലെ ഭരണഘടനാവ്യവസ്ഥകൾ അദ്ദേഹത്തിന് അധികാരം നൽകുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
ഡിസംബർ 31-ന് പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടണമെന്ന് മന്ത്രിസഭായോഗം വീണ്ടും തീരുമാനമെടുത്തിരിക്കെ ഗവർണറുടെ നിലപാടിൽ മാറ്റമുണ്ടാകുമോ എന്നു കാത്തിരിക്കുകയാണ് എല്ലാവരും. വിവേകപൂർവമായ തീരുമാനമാണ് ഈ വിഷയത്തിൽ ഉണ്ടാകേണ്ടത്. നിയമസഭ സമ്മേളിച്ച് പ്രമേയം പാസാക്കി എന്നുവച്ച് കേന്ദ്ര കാർഷിക നിയമങ്ങൾ ഇല്ലാതാകാൻ പോകുന്നില്ലെന്ന കാര്യം എല്ലാവർക്കും അറിയാം. നിയമസഭയുടെ പരമാധികാരത്തെ വാനോളം ഉയർത്തിപ്പിടിക്കുന്നവർ പാർലമെന്റിന്റെ പരമാധികാരത്തെയും മാനിക്കാൻ തയ്യാറാകണം.