കടയ്ക്കാവൂർ: കൊവിഡിനെ തുടർന്ന് കടയ്ക്കാവൂരിലും പരിസര പ്രദേശങ്ങളിലുമുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ നിറുത്തലാക്കിയതോടെ യാത്രാക്ളേശം രൂക്ഷമായി. പല റൂട്ടുകളിലും സർവീസുകൾ പുനരാരംഭിച്ചെങ്കിലും കടയ്ക്കാവൂരിലും പരിസര പ്രദേശങ്ങളിലെയും യാത്രാക്ളേശത്തെപ്പറ്റി കെ.എസ്.ആർ.ടി.സി അധികൃതർ ശ്രദ്ധിക്കുന്നതേയില്ല.

കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, കായിക്കര, നെടുങ്ങണ്ട, വിളബ്ഭാഗം, നിലയ്ക്കാമുക്ക്, മണനാക്ക് തുടങ്ങിയ പ്രദേശക്കാർ തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെത്താൻ കഴിയാതെ കഷ്ടപ്പെടുകയാണ്. തിരുവനന്തപുരം, ആറ്റിങ്ങൽ, കടയ്ക്കാവൂർ, കായിക്കര വഴി വർക്കലയ്ക്കും, തിരുവനന്തപുരം, ആറ്റിങ്ങൽ, മേൽകടയ്ക്കാവൂർ, കടയ്ക്കാവൂർ വഴി, ചിറയിൻകീഴിലേക്കും. തിരുവനന്തപുരം, ചിറയിൻകീഴ്, കടയ്ക്കാവൂർ വഴി അഞ്ചുതെങ്ങിലേക്കും മൂന്ന് ഒാർഡിനറി ബസുകളും വർക്കല, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, ആറ്റിങ്ങൽ വഴി തിരുവനന്തപുരത്തേക്ക് ഒരു ഫാസ്റ്റ് പാസഞ്ചറും കൊവിഡിന് മുന്നേ സർവീസുണ്ടായിരുന്നു. ആ അവസരത്തിൽ മെഡിക്കൽ കോളേജ്, തിരുവനന്തപുരത്തെ മറ്റ് വിവിധ ആശുപത്രികൾ, വിവിധ ഒാഫീസുകൾ, തുടങ്ങിയവയിലെത്താൻ ജനങ്ങൾക്ക് വളരെ സൗകര്യപ്രദമായിരുന്നു. എന്നാൽ ബസ് സർവീസുകൾ നിറുത്തലാക്കിയതോടെ ഇവിടങ്ങളിൽ എത്താൻ ജനങ്ങൾ പെടാപാട് പെടുന്നു.

ഉണ്ടായിരുന്ന സർവീസുകൾ എങ്കിലും പുനരാരംഭിച്ച് യാത്രാക്ളേശം ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.