raju

തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിൽ ബുധനാഴ്ച നീതി ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. തെളിവുകൾ നശിപ്പിച്ചും കൃത്രിമ രേഖകളുണ്ടാക്കിയും പൊലീസും ക്രൈംബ്രാഞ്ചും ചേർന്ന് കുഴിച്ചുമൂടിയ കേസാണ്, നീതിയുടെ പ്രകാശഗോപുരം പോലൊരു വിധിയിലൂടെ ഉയിർത്തത്. അഭയയ്‌ക്ക് മാത്രമല്ല കുടുംബത്തിനാകെ മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ആത്മഹത്യാ പ്രവണതയുമായാണ് അഭയ 21വയസുവരെ ജീവിച്ചതെന്നും പറഞ്ഞ് കേസ് അട്ടിമറിച്ച ക്രൈംബ്രാഞ്ചിനും പൊലീസിനും തലകുനിക്കേണ്ടി വന്നു. സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടം മുന്നിൽനിന്ന് നയിച്ച ജോമോൻ പുത്തൻപുരയ്ക്കലിന് അഭിമാന നിമിഷം. ഈ ക്രിസ്‌മസിന് സിസ്റ്റർ അഭയയ്ക്ക് ആത്മശാന്തി.

കോൺവെന്റിലെ കുശിനിക്കാരിയെ ബ്രെയിൻ മാപ്പിംഗ് പരിശോധന നടത്തുന്നത് തടയാൻ മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന രാജ്യത്ത ഒന്നാംകിട അഭിഭാഷകരെ ഇറക്കിയെങ്കിലും സാധാരണക്കാരായ ഏതാനും മനുഷ്യരുടെ സത്യസന്ധതയും ഇച്ഛാശക്തിയും ആത്മാർത്ഥതയുമാണ് നീതിക്ക് കാവൽ നിന്നത്. അഭയ കൊല്ലപ്പെട്ട ദിവസം മഠത്തിൽ മോഷ്ടിക്കാനെത്തിയ അടയ്ക്കാ രാജുവിന്റെ മൊഴിയാണ് 28 വർഷങ്ങൾക്കു ശേഷം സത്യം തെളിയിച്ചത്. കള്ളന്റെ മൊഴിക്ക് വിശ്വാസ്യതയില്ലെന്നും അംഗീകരിക്കരുതെന്നും വാദങ്ങളുയർന്നെങ്കിലും കോടതി വിലമതിച്ചത് ആ മൊഴിയായിരുന്നു.! കേസിൽ ഇടപെടുന്നതിന് ജോമോൻ പുത്തൻപുരയ്ക്കലിനെ വിലക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി.ബാലകൃഷ്‌ണൻ റദ്ദാക്കിയില്ലായിരുന്നെങ്കിൽ കേസിന്റെ ഗതി മറ്റൊന്നായേനെ. മൂന്നു പതിറ്റാണ്ട് ജീവിതം കേസിനുവേണ്ടി മാറ്റിവച്ച, കേവലം ആറാംക്ലാസ് വിദ്യാഭ്യാസമുള്ള ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഇച്ഛാശക്തിക്കു മുന്നിൽ നീതിയുടെ വെളിച്ചവുമായി അഭയാകേസിൽ സത്യം ഉയിർത്തെഴുന്നേറ്റു.

അഭയ വിഷാദരോഗം കാരണം ആത്മഹത്യ ചെയ്തെന്ന വാദമുയർത്തിയതും പ്രചരിപ്പിച്ചതും ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.ടി മൈക്കിളായിരുന്നു. തന്റെ അഭിപ്രായത്തിൽ 90 ശതമാനവും ഇതൊരു ആത്മഹത്യയാണെന്നായിരുന്നു മൈക്കിളിന്റെ വാക്കുകൾ.

''അഭയയുടെ വീട്ടുകാർക്ക് അസുഖമുണ്ടായിരുന്നു. വിഷാദരോഗമാണ് ആത്മഹത്യക്ക് കാരണം. അന്ന് രാത്രി അഭയ കോൺവെന്റിലെ അടുക്കളയിൽ വന്നപ്പോൾ പെട്ടെന്ന് വിഷാദം വന്നതാകാം.

മാസമുറക്കാലത്ത് ചില സ്ത്രീകൾക്ക് വിഷാദരോഗത്തിന്റെ ഭാഗമായി ആത്മഹത്യാ പ്രവണതയുണ്ടാകും. ഇരുട്ടും മ​റ്റും കണ്ട് ഇതാണ് ആത്മഹത്യക്ക് നല്ല സമയമെന്ന് അഭയക്ക് തോന്നിക്കാണും. മനസിൽ താലോലിച്ചുവന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ഏ​റ്റവും നല്ല അവസരം. മനസിന്റെ സമനില തെ​റ്റുന്നു. ഇരുട്ടിൽ തപ്പിത്തടഞ്ഞ് ചെരിപ്പൊക്കെ പോയി, ശിരോവസ്‌ത്രം ഉടക്കി, വെളിയിലിറങ്ങി കു​റ്റിയിട്ടു, കിണറിന്റെ പാരപ്പ​റ്റിൽ കയറി ഇരുന്നു, ഊർന്ന് താഴോട്ട് വീഴുന്നു'' അഭയയുടെ മരണത്തെക്കുറിച്ച് കെ.ടി. മൈക്കിളിന്റെ നിഗമനം ഇങ്ങനെയായിരുന്നു. തെളിവു നശിപ്പിച്ചതിന് മൈക്കിളിനെ സി.ബി.ഐ പ്രതിയാക്കിയെങ്കിലും ഹൈക്കോടതി ഒഴിവാക്കി. വിചാരണഘട്ടത്തിൽ തെളിവുകിട്ടിയാൽ മൈക്കിളിനെതിരെ നടപടിയെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം മുൻ എസ്.പി കെ.ടി മൈക്കിളിനെതിരെ നടപടിയെടുക്കാൻ പൊലീസ് മേധാവിക്ക് സി.ബി.ഐ കോടതി ഉത്തരവ് നൽകിയിട്ടുണ്ട്.

സിസ്റ്റർ അഭയ കൊലക്കേസിൽ കോടതി ശിക്ഷിച്ച ഫാ. തോമസ്.എം.കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ഇത് തടവറയിലെ രണ്ടാമത്തെ ക്രിസ്‌മസാണ്. ആദ്യം ഇരുവരെയും സി.ബി.ഐ അറസ്റ്റ് ചെയ്തത് 2008 നവംബർ 19നായിരുന്നു. 2009 ജനുവരി ഒന്നിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2008ലെ ക്രിസ്മസിന് പ്രതികൾ എറണാകുളം ജില്ലാ ജയിലിലായിരുന്നു. ക്രിസ്‌മസിന് ഒരുദിവസം മുൻപാണ് ശിക്ഷാവിധി. കോടതികൾ ക്രിസ്‌മസ് അവധിയിലായതിനാൽ അപ്പീലിനും, വിധി മരവിപ്പിച്ച് പുറത്തിറങ്ങാനും പ്രതികൾക്ക് അവസരമുണ്ടായേക്കില്ല.

നിർഭയരായ മൂന്ന് ന്യായാധിപന്മാർ


മൂന്നുപ്രാവശ്യം കേസ് അവസാനിപ്പിക്കാൻ ശ്രമിച്ച സി.ബി.ഐയെ അതിന് അനുവദിക്കാതെ, സിസ്റ്റർ അഭയയ്ക്ക് നീതിലഭിക്കാൻ വഴിയൊരുക്കിയത് മൂന്ന് ന്യായാധിപന്മാരാണ്. ജുഡീഷ്യൽ മജിസ്ട്രേറ്റുമാരായിരുന്ന ഈ മൂന്ന് ന്യായാധിപന്മാർ ഇല്ലായിരുന്നെങ്കിൽ അഭയാകേസ് തെളിയില്ലായിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേ​റ്റുമാരായിരുന്ന കെ.കെ. ഉത്തരൻ, ആന്റണി മൊറൈസ്, പി.ഡി. ശാർങ്ധരൻ എന്നിവരാണ് നീതിക്ക് കാവലാളുകളായത്. സി.ബി.ഐയുടെ റിപ്പോർട്ടുകൾ അതേപടി അംഗീകരിക്കുന്ന പതിവ് , നിർഭയരായ ഈ മൂന്ന് ന്യായാധിപന്മാർ ലംഘിച്ചതാണ് നിർണായകമായത്.

1993 മാർച്ച് 29നാണ് എറണാകുളം സി.ജെ.എം കോടതിയിൽ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഡിവൈ.എസ്.പി വർഗീസ് പി. തോമസിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം അഭയയുടേത് കൊലപാതകമാണെന്ന് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഇക്കാരണം ചൂണ്ടിക്കാട്ടി 1996 ഡിസംബർ ആറിന് അന്വേഷണം അവസാനിപ്പിക്കാൻ അനുമതി തേടി എറണാകുളം സി.ജെ.എം കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് നൽകി. മജിസ്ട്രേറ്റ് കെ.കെ. ഉത്തരൻ സി.ബി.ഐയെ നിശിതമായി വിമർശിച്ചു. അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് അവസാനിപ്പിക്കാൻ സമ്മതിക്കില്ലെന്നും നിഷ്പക്ഷമായി വീണ്ടും അന്വേഷിക്കണമെന്നും അദ്ദേഹം ഉത്തരവിട്ടു. ക്രിമിനൽ നടപടിക്രമം അനുസരിച്ച് കൂടുതൽ അന്വേഷണം നടത്താൻ മജിസ്ട്രേറ്റിനുള്ള അധികാരം ഉപയോഗിച്ചായിരുന്നു ഉത്തരവ്. ഗത്യന്തരമില്ലാതെ സി.ബി.ഐ വീണ്ടും കേസന്വേഷണം തുടർന്നു.

രണ്ടുവർഷത്തിനു ശേഷം 1999 ജൂലായ് 12ന് അന്വേഷണം അവസാനിപ്പിക്കാൻ സി.ബി.ഐ കോടതിയിൽ രണ്ടാംതവണയും റിപ്പോർട്ട് നൽകി. അന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആന്റണി മൊറൈസ് റിപ്പോർട്ട് അംഗീകരിച്ചില്ല. കൊലപാതകമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും സി.ബി.ഐ ശാസ്ത്രീയ അന്വേഷണം നടത്തണമെന്നും 2000 ജൂൺ 23ന് അദ്ദേഹം ഉത്തരവിട്ടു. ആധുനിക അന്വേഷണരീതികൾ ഉപയോഗിക്കാനായിരുന്നു സി.ബി.ഐയോട് അദ്ദേഹം നിർദ്ദേശിച്ചത്. അഭയയുടേത് കൊലപാതകമാണെന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാൽ തുടരന്വേഷണം അസാദ്ധ്യമാണെന്നും പിന്നീട് സി.ബി.ഐ നിലപാടെടുത്തു.

പ്രതികളെ കണ്ടെത്താനാവാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ 2005 ആഗസ്റ്റ് 30ന് സിബിഐ വീണ്ടും കോടതിയിലെത്തി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേ​റ്റായിരുന്ന പി.ഡി. ശാർങ്ധരൻ കേസ് അവസാനിപ്പിക്കാൻ അനുവദിച്ചില്ല. സി.ബി.ഐയോട് നിരവധി ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്ക് തൃപ്തികരമായ മറുപടിയുണ്ടായില്ല. മറുപടി നൽകാൻ ഡൽഹിയിൽ നിന്ന് ഡി.ഐ.ജിയെത്തിയെങ്കിലും കള്ളക്കളി അവസാനിപ്പിച്ച് പ്രതികളെ പിടിക്കാൻ അദ്ദേഹം അന്ത്യശാസനം നൽകി. 2006 ആഗസ്റ്റ് 21ന് സി.ബി.ഐ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് മൂന്നാം തവണയും കോടതി ഉത്തരവിട്ടു. ഇതിനു പിന്നാലെയാണ് എസ്.പി. ആർ.എം. കൃഷ്ണയുടേയും ഡിവൈ.എസ്.പി ആർ.കെ.അഗർവാളിന്റെയും നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ സി.ബി.ഐ ഡയറക്ടർ നിയോഗിച്ചത്. ബംഗളൂരുവിൽ നടത്തിയ നാർകോ അനാലിസിസിൽ ലഭിച്ച നിർണായക വിവരങ്ങൾ പിന്തുടർന്ന് 2008 നവംബർ 18ന് അന്നത്തെ ഡിവൈ.എസ്.പി നന്ദകുമാർ നായരുടെ സംഘം ഫാ. തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റ് ചെയ്തു.

ദൈവം കള്ളന്റെ രൂപത്തിലെത്തി-

ജോമോൻ പുത്തൻപുരയ്ക്കൽ

അഭയാകേസിൽ നീതി നടപ്പാക്കാൻ ദൈവം മോഷ്ടാവിന്റെ രൂപത്തിലെത്തി. ദൈവത്തിന്റെ കൈയൊപ്പുള്ള വിധിയാണിത്. പണവും അധികാരവും സ്വാധീനവുമുണ്ടെങ്കിൽ കോടതികളെപ്പോലും വിലയ്ക്കെടുക്കാമെന്നും നിയമത്തെ അട്ടിമറിക്കാമെന്നും കരുതിയവർക്കുള്ള സന്ദേശമാണ് ഈ വിധി. കോടാനുകോടി മുടക്കിയിട്ടും കേസ് അട്ടിമറിക്കാനായില്ല. ആരുമില്ലാത്തവരുടെ കേസ് എന്നിലൂടെ ദൈവം നടത്തി. മുഖ്യസാക്ഷിയായ അടയ്ക്കാ രാജുവിനെ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചു. മൊഴി പറയാനെത്തിയവരെയെല്ലാം സമ്മർദ്ദത്തിലാക്കി മൊഴി മാറ്റിച്ചു. രാജുവിനെ വിലയ്‌ക്കെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രാജുവിന് രണ്ടുലക്ഷം നൽകി തലയിൽ വച്ചുകെട്ടാൻ നോക്കി. പൂതൃക്കയിലിനെക്കുറിച്ച് മൊഴിനൽകിയ നൈ​റ്റ് വാച്ച്മാനെ ഗുണ്ടകൾ മർദ്ദിച്ചു. സെക്രട്ടേറിയ​റ്റിനു മുന്നിൽ സമരത്തിന് അഭയയുടെ മാതാപിതാക്കളെ എത്തിച്ചപ്പോൾ കേസ് തെളിയാൻ പോവുന്നില്ലെന്നാണ് സഹോദരൻ ബിജു പറഞ്ഞത്. തന്നെ ഇല്ലാതാക്കാൻ ശ്രമമുണ്ടായി. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള താൻ സത്യത്തിനായി അടിയുറച്ചുനിന്നു. ദൈവം ഇറങ്ങി വന്നാലും പ്രതികളെ പിടിക്കില്ലെന്ന് പലരും പറഞ്ഞു. ഇപ്പോൾ ദൈവം ഇറങ്ങിവന്നു. വിധി വന്ന ദിവസത്തിനായാണ് ഞാൻ ജീവിച്ചത്. ഇനി ഇല്ലാതായാലും സന്തോഷമേയുള്ളൂ. ന്യായാധിപൻ നീതിമാനായ ദൈവത്തെപ്പോലെ വിധി പറഞ്ഞു. വൈകിയാലും അഭയയ്ക്ക് നൂറ് ശതമാനം നീതികിട്ടി. സുപ്രീംകോടതി ശിക്ഷ ശരിവയ്ക്കും വരെ നിയമപോരാട്ടം തുടരും.

ബീനാ തോമസ് അങ്ങനെ അഭയ ആയി

സിസ്റ്റർ അഭയ കന്യാസ്ത്രീ ആകുന്നതിന് മുൻപുള്ള പേര് ബീനാ തോമസ് എന്നായിരുന്നു. കോട്ടയം വാരിക്കുന്ന് തോമസ്.എ.മത്തായി എന്ന തോമാച്ചന്റെയും ലീലാമ്മ തോമസ് എന്ന ലീലാമ്മയുടെയും മകളായി 1971 ഫെബ്രുവരി 26 നാണ് ജനനം. രണ്ടാംക്ളാസ് വരെ പഠനം വെെക്കം വാരിയംകുന്ന് ഹിന്ദു മിഷൻ സ്കൂളിൽ. മൂന്ന് മുതൽ ഏഴ് വരെ അരീക്കര സെന്റ് റോക്കീസ് സ്കൂളിൽ. എട്ട് മുതൽ പത്ത് വരെ ഉഴവൂർ സെന്റ് സ്റ്റീഫൻ ഹെെസ്കൂളിൽ. 1987-ൽ എസ്.എസ്.എൽസി പാസായ അഭയ കന്യാസ്ത്രീയാകണമെന്ന മോഹവുമായി സമീപിച്ചത് നട്ടാശ്ശേരി കോൺവെന്റിലെ സിസ്റ്റർ ഗ്ളോറിയയെ. മഠത്തിൽ ചേർന്ന അഭയ 1990-ൽ കോട്ടയം ബി.സി.എം കോളേജിൽ പ്രീഡിഗ്രിയ്ക്ക് ചേർന്നു. അന്നുമുതൽ കോട്ടയം പയസ് ടെൻത് കോൺവെന്റിലെ അന്തേവാസി. 160 പേർ താമസിച്ചിരുന്ന അഞ്ചുനില കോൺവെന്റിലെ ഏറ്റവും താഴത്തെ നിലയിലെ എട്ടാംനമ്പർ മുറിയിലായിരുന്നു താമസം. അതിനു താഴെ സെല്ലാർ ഫ്ളോറിലായിരുന്നു സിസ്റ്റർ സെഫിയുടെ താമസം. മരണം വരെയും എട്ടാംനമ്പർ മുറിയിലെ താമസക്കാരിയായിരുന്നു അഭയ. കോളേജിൽ അഭയയുടെ മലയാളം അധ്യാപകനായിരുന്നു ഫാ. ജോസ് പൂതൃക്കയിൽ. സെെക്കോളജി അധ്യാപകനായിരുന്നു ഫാ. തോമസ്. എം.കോട്ടൂർ. കോട്ടൂർ കോളേജിൽ അധ്യാപകനായി എത്തിയത് അഭയ കൊല്ലപ്പെടുന്നതിന് 13 ദിവസം മുൻപ് മാത്രം. മുറിയിൽ അഭയയോടൊപ്പം താമസിച്ചിരുന്നത് സിസ്റ്റർമാരായ ഷെർളി, സാറ, ദയ, ആനന്ദ് എന്നിവർ. കേസ് വിചാരണയിൽ ഷെർളി കൂറുമാറിയപ്പോൾത്തന്നെ മറ്റ് മൂന്ന് പേരെയും വിസ്തരിക്കുന്നതിൽ നിന്ന് സി.ബി.ഐ പിൻവാങ്ങി. എട്ടാംനമ്പർ മുറിയ്ക്ക് എതിരെ ഏഴാംനമ്പർ മുറിയിൽ താമസിച്ചിരുന്നത് അടുക്കള ജീവനക്കാരായ അച്ചാമ്മ, ത്രേസ്യാമ്മ, റെജി, സിനോ എന്നിവർ. അച്ചാമ്മയും കോടതിയിൽ മൊഴിമാറ്റി പ്രതിഭാഗം ചേർന്നു. സിസ്റ്റർ ഷെർളി, അച്ചാമ്മ, ത്രേസ്യാമ്മ എന്നിവരെ നാർക്കോ പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയാതിരുന്നത് കോടതിയിൽ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ എടുത്തുപറയുന്നുണ്ട്. നാർക്കോ പരിശോധനയ്ക്കെതിരെ അച്ചാമ്മയ്ക്ക് വേണ്ടി ഹാജരായത് മണിക്കൂറിന് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന ഹരീഷ് സാൽവേയായിരുന്നു!