banana

തിരുവനന്തപുരം: വാഴ കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ നേന്ത്രക്കായയുടെ താങ്ങുവില 40 രൂപയായി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബനാന ഫാർമേഴ്‌സ് അസോസിയേഷൻ മന്ത്രി വി.എസ്. സുനിൽകുമാറിന് നിവേദനം നൽകി. സർക്കാർ നേരത്തെ താങ്ങുവില 30 രൂപയാക്കിയിരുന്നു. എന്നാൽ, ഒരു മാസത്തിലേറെയായി കിലോയ്ക്ക് 25 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇപ്പോഴത് 20 രൂപയ്ക്ക് താഴെയാണ്.

സർക്കാർ സംഭരണ കേന്ദ്രങ്ങൾ വഴിയും താത്കാലിക സംഭരണ കേന്ദ്രങ്ങൾ തുടങ്ങിയും താങ്ങുവില നേരിട്ട് നൽകി കേരളത്തിലെ വാഴ ഉത്പന്നങ്ങൾ സംഭരിക്കുക, വിപണികളിൽ കുലകൾ എത്തിക്കുന്നതിന് വാഹന സൗകര്യം ഏർപ്പെടുത്തുക, വാഴക്കൃഷിക്ക് സാമ്പത്തിക സഹായം നൽകുക, വിള ഇൻഷ്വറൻസ് തുക യഥാസമയം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചതായി അസോസിയേഷൻ പ്രസിഡന്റ് ശ്രീകുമാറും സെക്രട്ടറി ജി. പവിത്രകുമാറും പറഞ്ഞു.