
തിരുവനന്തപുരം: ഭൂരിപക്ഷമുള്ള സർക്കാർ തീരുമാനിക്കുന്ന കാര്യങ്ങൾ അംഗീകരിക്കുകയാണ് സാധാരണനിലയിൽ ഗവർണർമാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 23ന് നിയമസഭാസമ്മേളനം ചേരാനുള്ള ശുപാർശ അടിയന്തര സാഹചര്യമില്ലെന്ന് കാട്ടി ഗവർണർ നിരസിച്ച പശ്ചാത്തലത്തിൽ, 31ന് അതേ വിഷയത്തിൽ അദ്ദേഹം അനുമതി നൽകുമോയെന്ന വാർത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രിസഭയെടുക്കുന്ന തീരുമാനം ഗവർണർ അംഗീകരിക്കാതിരിക്കില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. എന്ത് ചർച്ച ചെയ്യണമെന്നത് നിയമസഭയുടെ അവകാശത്തിൽപ്പെട്ടതാണ്. എന്തിനാണ് സമ്മേളനം വിളിക്കുന്നതെന്നൊന്നും ചോദിക്കേണ്ടതില്ല. ഗവർണർ രാഷ്ട്രീയം കളിക്കുകയാണോയെന്ന ചോദ്യത്തിന്, മുഖ്യമന്ത്രി ഉത്തരം നൽകിയില്ല. ഗവർണറിൽ അർപ്പിതമായ ഉത്തരവാദിത്വമനുസരിച്ചാണല്ലോ പ്രവർത്തിക്കുക. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റേതായ ധർമ്മം നിർവഹിക്കുന്നുവെന്നാണല്ലോ. അതിനനുസരിച്ചാവാം തീരുമാനമെടുക്കുന്നത്. കർഷകസമരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാസമ്മേളനം വിളിക്കണമെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുന്നു.
31ന് സഭ സമ്മേളിച്ചാൽ, ജനുവരി 8ന് വീണ്ടും സമ്മേളിക്കണമെങ്കിൽ 15 ദിവസത്തെ നോട്ടീസിന് സമയമുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ, അത്തരം സാങ്കേതികപ്രശ്നങ്ങളുണ്ടെങ്കിൽ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. താൻ ഒപ്പിടാൻ വൈകിപ്പിച്ച തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് പിന്നീട് സർക്കാർ പിൻവലിച്ചത് ഗവർണർ ചൂണ്ടിക്കാട്ടിയതിനും മുഖ്യമന്ത്രി വിശദീകരണം നൽകി. തദ്ദേശവാർഡ് വിഭജനം വേണമെന്ന ഖണ്ഡിത നിലപാടാണ് സർക്കാരിന്. അതിൽ നിന്ന് പിന്മാറേണ്ടിവന്നത് കൊവിഡ് മഹാമാരി കാരണം അന്തരീക്ഷം മാറിയതിനാലാണ്. അതുണ്ടായാൽ തദ്ദേശ തിരഞ്ഞെടുപ്പ് ഇനിയും നീണ്ടുപോകും. അത്തരമൊരു സാഹചര്യം സൃഷ്ടിക്കുന്നതിനോട് സർക്കാരിന് യോജിപ്പില്ലായിരുന്നതു കൊണ്ടാണ് പിന്മാറിയത്. തങ്ങൾ നിലപാടെടുക്കുന്നതിന് ഇടയാക്കിയ വസ്തുതകളും കാരണങ്ങളുമുണ്ട്. അതദ്ദേഹം തെറ്റിദ്ധരിച്ചിട്ടുണ്ടാകാം- മുഖ്യമന്ത്രി പറഞ്ഞു.
ദേശീയതലത്തിൽ കാർഷികരംഗവും കർഷകസമൂഹവും ഗുരുതരപ്രശ്നങ്ങൾ നേരിടുന്നു. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങളെ ഗണ്യമായി ആശ്രയിക്കുകയാണ്. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ താത്പര്യമുള്ള വിഷയമായതിനാൽ സംസ്ഥാന നിയമസഭയിൽ വിഷയം ചർച്ച ചെയ്യുന്നത് ഉചിതമാകും. കർഷകസമൂഹത്തിന്റെ പ്രതിഷേധം തുടരുന്ന നിലയ്ക്ക് ഇതൊരു അടിയന്തരപ്രശ്നമായി കണക്കാക്കി നമ്മുടെ സംസ്ഥാനം നേരിടാവുന്ന പ്രശ്നങ്ങൾ വിശദമായി ചർച്ചചെയ്ത് അഭിപ്രായരൂപീകരണം നടത്തേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.