
തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രിയും ഭാര്യയുമെത്തി.
ഏക മകൾ ലക്ഷ്മീദേവിയുടെ പൂജപ്പുര വിദ്യാനഗറിലെ വീട്ടിൽ ഇന്നലെ രാവിലെ ഒൻപതരയ്ക്കാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയുമെത്തിയത്. മന്ത്രി കടകംപളളി സുരേന്ദ്രനും വി.ശിവൻകുട്ടിയും ഒപ്പമുണ്ടായിരുന്നു. കോട്ടയത്തായിരുന്നതിനാൽ മരണ ദിവസം എത്താനായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടർമാർ പരമാവധി ശ്രമിച്ചതാണ്, പ്രായാധിക്യത്താൽ ഒന്നും ചെയ്യാനായില്ലെന്ന് ഡോക്ടർമാർ പറഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. വിഷമിക്കരുതെന്ന് ലക്ഷ്മീദേവിയെ സമാശ്വസിപ്പിച്ചു.
അമ്മയുണ്ടായിരുന്നപ്പോൾ അദ്ദേഹം പലതവണ വന്നിട്ടുണ്ടെന്നും അമ്മ ഇല്ലാതായപ്പോൾ തന്നെ കാണാൻ വന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും ലക്ഷ്മീദേവി കേരളകൗമുദിയോട് പറഞ്ഞു. അദ്ദേഹം ഇന്നലെ വലിയ തിരക്കിലായിരുന്നു. അതിനിടയിലും വരാൻ തോന്നിയത് വലിയ ആശ്വാസവും അംഗീകാരവുമായി കാണുന്നു. സുഗതകുമാരിയുടെ ഇളയസഹോദരി പരേതയായ സുജാതയുടെ ഇളയമകൻ പദ്മനാഭൻ, രണ്ടാമത്തെ മകന്റെ മകൻ വിഷ്ണു എന്നിവരും ലക്ഷ്മിയുടെ വീട്ടിലുണ്ടായിരുന്നു.