
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ കോളേജുകളിൽ ജനുവരി 4 മുതൽ വീണ്ടും ക്ലാസുകൾ ആരംഭിക്കും. 50 ശതമാനം കുട്ടികൾ മാത്രമേ കോളേജിൽ എത്തുന്നുള്ളൂ എന്നുറപ്പാക്കാനായി രണ്ട് ഷിഫ്‌റ്റുകളിലായി ശനിയാഴ്ചകൾ ഉൾപ്പെടെ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ലാസുകൾ. യു.ജി.സി യുടെയും സർക്കാരിന്റെയും മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സർവകലാശാല പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം ടെക്, എം ആർക്, എം. പ്ലാൻ ക്ലാസുകൾ, അഞ്ചാം സെമസ്റ്റർ എം.സി.എ, ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.സി.എ, ഒമ്പതാം സെമസ്റ്റർ ബി. ആർക്, ഏഴാം സെമസ്റ്റർ ബി ടെക് ക്ലാസുകളാണ് ജനുവരി 4 മുതൽ ആരംഭിക്കുന്നത്. അഞ്ചാം സെമസ്റ്റർ ബി.ടെക്, ബി.എച്ച്.എം.സി.ടി, ബി. ആർക്, അഞ്ച്, ഏഴ് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.സി.എ, ഏഴാം സെമസ്റ്റർ ബി ആർക് കോൺടാക്ട് ക്ലാസുകൾ ജനുവരി 18 ന് തുടങ്ങും. മൂന്നാം സെമസ്റ്റർ എം.സി.എ/ ഇന്റഗ്റേറ്റഡ് എം.സി.എ, മൂന്നാം സെമസ്റ്റർ ബി. ടെക്, ബി.എച്ച്.എം.സി.ടി, ബി. ഡെസ്, ബി. ആർക്, മൂന്നാം സെമസ്റ്റർ ബി. ടെക് ലാറ്ററൽ എൻട്രി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 1 മുതൽ ആരംഭിക്കും. ഒന്നാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്ക് മാർച്ച് 1 മുതലും ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 22നും ക്ലാസ് തുടങ്ങും. സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരി- മാർച്ച് കാലയളവിൽ നടത്തും.
കുറഞ്ഞത് 6 അടി എങ്കിലും ശാരീരിക അകലം പാലിച്ചായിരിക്കും ക്ലാസുകൾ നടത്തുക. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും കോളേജുകളിൽ ഹാജരാകേണ്ടതില്ല. ഓൺലൈനായി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പാഠ്യവിഷയങ്ങൾ കോളേജുകൾ നൽകണം. അന്തർദ്ദേശീയ യാത്രാ നിയന്ത്റണങ്ങൾ മൂലം കോളേജുകളിൽ ഹാജരാകാൻ കഴിയാത്തവർക്കും ഓൺലൈൻ സൗകര്യം ഉപയോഗിക്കാം. പഠന യാത്രകൾ, ഫീൽഡ് വർക്കുകൾ തുടങ്ങിയവയും ശാരീരിക അകലം സാദ്ധ്യമല്ലാത്ത എല്ലാ പ്രോഗ്രാമുകളും പാഠ്യേതര പ്രവർത്തനങ്ങളും കർശനമായി നിയന്ത്റിക്കണമെന്നും സർവകലാശാല സർക്കുലറിൽ പറയുന്നു.