life-mission

തിരുവനന്തപുരം: രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതി പ്രകാരം 15,000 വീടുകൾ കൂടി മാർച്ച് 31നകം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 35,000 വീടുകളുടെ നിർമ്മാണവും തുടങ്ങും. ഭൂമിയും വീടും ഇല്ലാത്തവർക്കായി നിർമ്മിക്കുന്ന 101 ഭവന സമുച്ചയങ്ങളിൽ അഞ്ചെണ്ണം മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കും.

നാല് വർഷത്തിനിടെ 41,578 കിലോമീറ്റർ നീർച്ചാലുകളും 390 കിലോമീറ്റർ പുഴയും വീണ്ടെടുത്തു. മാർച്ച് 31ന് മുമ്പ് ഇത് 50,000 കിലോമീറ്ററാക്കും. അയ്യങ്കാളി നഗര തൊഴിലുറപ്പ് പരിപാടിയിൽ മാർച്ച് 31നകം 8 ലക്ഷം തൊഴിൽ ദിനങ്ങൾകൂടി സൃഷ്ടിക്കും. കെ.എസ്.എഫ്.ഇയുമായി സഹകരിച്ച് കുടുംബശ്രീ നടപ്പിലാക്കുന്ന ലാപ്‌ടോപ്പ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർക്ക് ഇനിയും രജിസ്റ്റർ ചെയ്യാം.

മറ്റ് പ്രഖ്യാപനങ്ങൾ

 കുടുംബശ്രീയുടെ നേതൃത്വത്തിൽ 500 കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റാളുകൾ.

 വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ വീടുകളുടെ ശിലാസ്ഥാപനവും കുളത്തൂപ്പുഴ പ്ലാന്റേഷൻ തൊഴിലാളികളുടെ വീടുകളുടെ താക്കോൽദാനവും നടത്തും.

 മുതിർന്ന പൗരൻമാർക്കുള്ള നവജീവൻ തൊഴിൽ പദ്ധതിക്ക് തുടക്കം.

 മേനംകുളത്ത് സ്ത്രീ തൊഴിലാളികൾക്കുള്ള അപ്പാർട്ട്‌മെന്റിന്റെ ശിലാസ്ഥാപനം

 ചെല്ലാനം, താനൂർ, വെള്ളിയിൽ എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ കമ്മീഷനിംഗ് നടക്കും.

 ചെത്തി മത്സ്യബന്ധന തുറമുഖ നിർമ്മാണത്തിനു തറക്കല്ലിടും.

 60 കോടി രൂപ മുതൽമുടക്കിൽ 9 തീരദേശ ജില്ലകളിൽ പൂർത്തിയാകുന്ന 87 തീരദേശ റോഡുകളുടെ ഉദ്ഘാടനം.

 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള പുനർഗേഹം പദ്ധതിയിൽ കാരോട്, ബീമാപ്പള്ളി, വലിയതുറ, കൊല്ലം ക്യു.എസ്.എസ് കോളനി, പൊന്നാനി ഫ്ളാറ്റ്, ആലപ്പുഴ പുറക്കാട്, കോഴിക്കോട് വെസ്റ്റ് എന്നിവിടങ്ങളിലായി 774 കുടുംബങ്ങൾക്കുള്ള ഫ്ളാറ്റുകൾ/വീടുകൾ.

 അപേക്ഷ നൽകിയിട്ടുള്ള മറ്റുള്ളവർക്ക് വീടും സ്ഥലവും വാങ്ങുന്നതിന് 200 കോടി വകയിരുത്തി.

 മത്സ്യബന്ധന യാനങ്ങളുടെയും എൻജിനുകളുടെയും ഇൻഷ്വറൻസ് പദ്ധതിക്ക് തുടക്കം.

 പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കായി 3000 പഠനമുറികൾ.

 1620 പേർക്ക് ഭൂമി വാങ്ങുന്നതിനായി ധനസഹായം.

 2000 പേർക്ക് പട്ടികജാതിപട്ടികവർഗ വികസന കോർപറേഷൻ വഴി 2000 പേർക്ക് സ്വയംതൊഴിൽ വായ്പ.

 4800 പട്ടികവർഗ വീടുകൾ കൂടി.

 സ്ത്രീകളുടെ സുരക്ഷയ്ക്കായി ഇന്റഗ്രേറ്റഡ് വിമെൻ സെക്യൂരിറ്റി ആപ്പ്.

 തനിച്ചു താമസിക്കുന്ന മുതിർന്ന പൗരൻമാർക്കുള്ള വീ കെയർ പദ്ധതി.