
തിരുവനന്തപുരം: നടപ്പാകില്ലെന്ന് കരുതിയ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെന്നും ഇതിന്റെ കൊച്ചി- മംഗലാപുരം റീച്ചിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വലായി ജനുവരി 5ന് നിർവഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊച്ചി - പാലക്കാട് റീച്ചിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. റായ്പ്പൂർ - പുഗലൂർ - മാടക്കത്തറ വൈദ്യുതി ലൈനിന്റെ ഉദ്ഘാടനവും ജനുവരിയിലുണ്ടാകും.
കെ- ഫോൺ പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല കൺട്രോൾ റൂം, 14 ജില്ലാതല കേന്ദ്രങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട ഓഫീസുകളുടെ നെറ്റുവർക്കിംഗ് എന്നിവയടങ്ങുന്ന ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും.
 മരുന്ന് സൗജന്യനിരക്കിൽ
രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി, അവയവദാന ശസ്ത്രക്രിയ കഴിഞ്ഞവർക്ക് സ്ഥിരമായി കഴിക്കേണ്ട 250 രൂപ മാർക്കറ്റു വിലയുള്ള അഞ്ചിനം മരുന്നുകൾ ഗുണമേന്മ ഉറപ്പാക്കി അഞ്ചിലൊന്ന് വിലയ്ക്ക് കെ.എസ്.ഡി.പിയിൽ ഉത്പാദിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.