
തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവ് വിളക്കുകൾ എൽ.ഇ.ഡിയാക്കുന്ന 'നിലാവ്" പദ്ധതി മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ വൈദ്യുതിബിൽ 50 ശതമാനം കുറയും. മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. പദ്ധതി ചെലവായ 296 കോടി കിഫ്ബിയിൽ നിന്ന് കണ്ടെത്തും. തദ്ദേശ സ്ഥാപനങ്ങളുടെ വലിപ്പവും ആവശ്യവുമനുസരിച്ച് അഞ്ച് പാക്കേജുകളിൽ ഒന്നോ അതിലധികമോ തിരഞ്ഞെടുക്കാം. കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലെ സംയുക്ത സംരംഭമായ ഇ.ഇ.എസ്.എൽ വഴിയാണ് കെ.എസ്.ഇ.ബി ബൾബുകൾ വാങ്ങുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം കെ.എസ്.ഇ.ബി ബൾബുകൾ വാങ്ങി സ്ഥാപിച്ചു കൊടുക്കും. പരിപാലനം തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയാണ്. വർഷംതോറും തദ്ദേശ സ്ഥാപനങ്ങൾ കെ.എസ്.ഇ.ബിക്ക് വരിസംഖ്യ അടയ്ക്കണം. ആദ്യഘട്ടത്തിൽ ഫെബ്രുവരിയോടെ രണ്ട് ലക്ഷം ബൾബുകൾ സ്ഥാപിക്കും. ജനുവരി ഒന്ന് മുതൽ ബൾബുകൾ മാറ്റിത്തുടങ്ങും. മൂന്ന് മാസത്തിനകം 8.5 ലക്ഷം ബൾബുകൾ കൂടി മാറ്റി സ്ഥാപിക്കും.