
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 721 പുതിയ അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത 50- 65 പ്രായപരിധിയിലുള്ള മുതിർന്ന പൗരന്മാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് നവജീവൻ എന്ന പേരിൽ പദ്ധതി നടപ്പാക്കും. തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് സർക്കാർ സബ്സിഡിയോടെ വായ്പ അനുവദിക്കും. മുതിർന്ന പൗരന്മാരുടെ വിജ്ഞാനവും പ്രവൃത്തിപരിചയവും സമൂഹനന്മയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ലക്ഷ്യവും പദ്ധതിക്കുണ്ട്.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് 38 കോടി
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 38.73 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു. നേരത്തേ അനുവദിച്ച 961 കോടി രൂപയ്ക്ക് പുറമേയാണിത്.