
തിരുവനന്തപുരം: ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷിക്കാനൊരുങ്ങി വിശ്വാസികൾ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ നിയന്ത്രണത്തോടെയാണ് ക്രിസ്മസ് ആഘോഷങ്ങൾ. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തുമെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നിയന്ത്രണങ്ങളോടെയായിരിക്കും വിശ്വാസികളെ ദേവാലയത്തിൽ പ്രവേശിപ്പിക്കുക. സർക്കാർ നിർദേശിച്ചിട്ടുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ദേവാലയങ്ങളിൽ പ്രവേശനം. 10 വയസിന് താഴെയുള്ളവരും 60 വയസിന് മീതെ പ്രായമുള്ളവരും ദേവാലയത്തിൽ പ്രവേശിക്കരുതെന്ന് സഭാ അധികാരികൾ അഭ്യർത്ഥിച്ചിട്ടുണ്ട്. ദോവാലയങ്ങളിൽ പ്രവേശിക്കുമ്പോൾ മാസ്ക് നിർബന്ധമാണ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇന്നലെ രാത്രി തിരുപിറവി ശുശ്രൂഷകൾ നടന്നു. പാളയം സെന്റ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന പ്രാർത്ഥനയ്ക്ക് രൂപതാദ്ധ്യക്ഷൻ ഡോ. എം. സൂസപാക്യം നേതൃത്വം നൽകി. ഇന്നലെ പ്രത്യേക കുർബാനകളും നടന്നു. ഇന്ന് രാവിലെ 7നും 9നും വൈകിട്ട് 5നും പ്രത്യേക കുർബാനകൾ നടക്കും. പട്ടം മേജർ ആർച്ച് ബിഷപ്സ് ഹൗസ് ചാപ്പലിൽ ഇന്നലെ വൈകിട്ട് നടന്ന ശുശ്രൂഷകൾക്ക് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും ഇത്തവണ പാതിരാ കുർബാനയും കരോളും ഒഴിവാക്കിയിട്ടുണ്ട്. പള്ളികളിൽ ഇന്നലെ തിരുപ്പിറവി ചടങ്ങുകൾ നടത്തി. ഇന്ന് രാവിലെ 6ന് പ്രത്യേക കുർബാനയുമുണ്ട്.
പാളയം സി.എസ്.ഐ കത്തീഡ്രലിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. എൽ.എം.എസ് കോമ്പൗണ്ടിൽ നടക്കുന്ന തിരുപിറവി ചടങ്ങുകൾ ഇന്ന് വൈകിട്ട് നാലിന് ആരംഭിക്കും. തുടർന്ന് കേക്ക് കട്ടിംഗ്, സ്റ്രാർ ഫെസ്റ്ര്, ടാലന്റ് നൈറ്റ്, ബ്ലൈൻഡ് അസോസിയേഷൻ നടത്തുന്ന ഗാനമേള എന്നിയും ഉണ്ടായിരിക്കും.
പാളയം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ, പാറ്റൂർ സെന്റ് തോമസ് മാർത്തോമ പള്ളി, പേട്ട സെന്റ് ആന്റ്സ് ഫെറാനോ പള്ളി എന്നിവിടങ്ങളിൽ ഇന്ന് പ്രത്യേക പ്രാർത്ഥന ശുശ്രൂഷയും പ്രാർത്ഥനയുമുണ്ടാകും.
വെട്ടുകാട് മാദ്രെ ദേ ദേവൂസ് പള്ളിയിൽ ഇന്ന് രാവിലെ 7നും വൈകിട്ട് 5നും പ്രത്യേക കുർബാനയുണ്ടായിരിക്കും.
മറ്റ് എല്ലാ ദേവലായങ്ങളിലും പ്രാർത്ഥന ശുശ്രൂഷകളും കുർബാനയും കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടക്കും.