pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിന്റെ ചില പ്രവണതകൾ കാണിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങളൊഴിവാക്കിയും സാമൂഹ്യ അകലം പാലിച്ചാവണം ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. കൈകൾ ഇടയ്ക്കിടെ ശുചിയാക്കാനും മാസ്‌കുകൾ ധരിക്കാനും മറക്കരുത്. രോഗം പടർന്നുപിടിക്കുന്നത് തടയേണ്ട ഉത്തരവാദിത്വം ഓരോരുത്തരും ഏറ്റെടുക്കണം.

കൊവിഡ് ആക്ടീവ് രോഗികളുടെ എണ്ണം ഡിസംബർ 13ന് 59,438 ആയിരുന്നത് ഈ ഞായറാഴ്ച 61,604 ആയി ഉയർന്നിട്ടുണ്ട്. രോഗികളുടെ എണ്ണം കൂടുതൽ വർദ്ധിച്ചത് ആദ്യം ഇലക്‌ഷൻ നടന്ന സ്ഥലങ്ങളിലാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തോതിലെങ്കിലും രോഗപ്രസരണമുണ്ടായിട്ടുണ്ടാവാം..
രാജ്യത്തെ മറ്റ് പ്രദേശങ്ങളിലേത് പോലുള്ള കൊവിഡ് വ്യാപനം കേരളത്തിലുണ്ടായതായി കണക്കുകൾ കാണിക്കുന്നില്ല. സർക്കാരിന്റെമുൻകരുതലുകളോട് ജനങ്ങൾ സഹകരിച്ചതിന്റെ ഗുണഫലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രിസ്മസ് ആശംസ

ലോകത്തിനാകെ രക്ഷയുടെയും വിടുതലിന്റെയും സന്ദേശമാണ് ക്രിസ്മസ് നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകമൊന്നടങ്കം മഹാവ്യാധിയിൽ നിന്നുള്ള വിടുതലിനായി കാത്തിരിക്കുകയാണ്. ശാസ്ത്രലോകം തയ്യാറാക്കുന്ന വാക്സിനിലൂടെ മനുഷ്യജീവന് രക്ഷ ഉറപ്പുവരുത്താമെന്ന പ്രത്യാശയിലാണ് ലോകജനതയാകെയെന്നും ആശംസാസന്ദേശത്തിൽ പറഞ്ഞു.

.