sivagiri

ശിവഗിരി: 88-ാമത് തീർത്ഥാടനം ഓൺലൈനായി നടത്താനുള്ള ഒരുക്കങ്ങൾ ശിവഗിരിയിൽ പൂർത്തിയായി. ചരിത്രത്തിൽ ആദ്യമായാണ് ശിവഗിരി തീർത്ഥാടനം ഓൺലൈൻ വെർച്വൽ രീതിയിൽ നടക്കുന്നത്. ലോകത്തിന്റെ ഏതു കോണിലിരുന്നും തീർത്ഥാടന പരിപാടികളിൽ പങ്കാളികളാകാമെന്നതാണ് ഇത്തവണത്തെ സവിശേഷത.

ശിവഗിരിമഠത്തിന്റെ ഒൗദ്യോഗിക മാദ്ധ്യമമായ ശിവഗിരി ടിവിയിലൂടെ എട്ട് ഭാഷകളിലാണ് തീർത്ഥാടന പരിപാടികളുടെ സംപ്രേഷണം. സമ്മേളനങ്ങൾ ഇന്നുമുതൽ സംപ്രേക്ഷണം ചെയ്യും. തീർത്ഥാടകർക്ക് അറിവിനും സ്വയം സംസ്കരണത്തിനുമുതകുന്ന എട്ട് വിഷയങ്ങളിൽ വിദഗ്ദ്ധരെക്കൊണ്ട് പ്രസംഗിപ്പിക്കണമെന്നാണ് ശ്രീനാരായണഗുരുദേവന്റെ നിർദ്ദേശം.

എട്ട് ദിവസങ്ങളിലായാണ് ഓൺലൈൻ സമ്മേളനങ്ങൾ. ഈശ്വരഭക്തിയെക്കുറിച്ചാണ് ആദ്യ സമ്മേളനം. ഇന്ന് രാവിലെ 9 ന് നടക്കുന്ന സമ്മേളനത്തിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിക്കും. ഇഷാ ഫൗണ്ടേഷന്റെ സ്ഥാപകൻ സദ്ഗുരു ജഗ്ഗിവാസുദേവിന്റെ ഇംഗ്ലീഷിലുള്ള പ്രഭാഷണത്തോടെയാണ് തുടക്കം. നാരായണ ഗുരുകുലാദ്ധ്യക്ഷൻ ഗുരുമുനി നാരായണ പ്രസാദ്, തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത, കേരള സർവകലാശാല ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ സ്റ്റഡീസ് ഡയറക്ടർ ഡോ. എം.എ. സിദ്ദിഖ്, ബാലരാമപുരം വലിയപള്ളി ഇമാം പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി, സ്വാമി ബ്രഹ്മസ്വരൂപാനന്ദ എന്നിവർക്ക് പുറമെ, യോഗ പ്രൊഫഷണൽ ഹരീഷ് കെ. അപ്പർ ഹിന്ദി, ഗുജറാത്തി ഭാഷകളിലും ഹൈദരാബാദ് ബെഗുംപെട്ട് ഗവ. വിമൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ. സുനന്ദ തെലുങ്കിലും മാംഗ്ലൂർ സർവകലാശാല ശ്രീനാരായണഗുരു സ്റ്റഡി സെന്റർ ഡയറക്ടർ മുദ്ദുമുദുബെല്ലെ കന്നഡയിലും സംസാരിക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സ്വാഗതം പറയും.

തീർത്ഥാടന ലക്ഷ്യങ്ങളായ ശുചിത്വം, കൃഷി, സംഘടന, കൈത്തൊഴിൽ, വ്യവസായം, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതിക പരിശീലനം എന്നീ വിഷയങ്ങളിൽ തുടർന്നുളള ദിവസങ്ങളിൽ ഓൺലൈൻ സമ്മേളനങ്ങൾ നടക്കും. 26 രാവിലെ 9ന് മഹാവ്യാധിയും പഞ്ചശുദ്ധിയും എന്ന വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. സരിത. ആർ.എൽ, ഐ.ജി പി. വിജയൻ, ഒളിമ്പ്യൻ അഞ്ചു ബോബിജോർജ്ജ്, തിരുവനന്തപുരം ശിവാനന്ദ ധന്വന്തരി ആശ്രമം ഡയറക്ടർ നടരാജ്, മംഗളൂർ കസ്തൂർബാ മെഡിക്കൽ കോളേജിലെ റിട്ട. പ്രൊഫസർ എം.എസ്. കൊട്ടിയാൻ, ഡോ. രാജേഷ് കുമാർ, ക്രിക്കറ്റർ കെ.എൻ. അനന്തപത്മനാഭൻ, ഗ്ലോബൽ ഫൗണ്ടേഷൻ ഫോർ ഹെൽത്ത് ആൻഡ് ഹൈജീൻ പ്രസിഡന്റ് ഡോ. ലാൽ, ഡൽഹി ചെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അനുരാധചൗധരി, തിരുവനന്തപുരം ധന്വന്തരി കളരി ഗുരുക്കൾ ഡോ. എസ്. മഹേഷ്, പ്രകൃതി ചികിത്സകൻ ഡോ. ജയകുമാർ(ശിവഗിരി എസ്.എസ്.എൻ. മിഷൻ ആശുപത്രി), കാഞ്ചിപുരം ശ്രീനാരായണ സേവാശ്രമം മെഡിക്കൽ ഓഫീസർ ഡോ. ബൈജുസുകുമാരൻ, ഗോപിനാഥ്, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ സംസാരിക്കും.

1928ൽ കോട്ടയം നാഗമ്പടം ക്ഷേത്രസന്നിധിയിൽ വച്ചാണ് ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയത്. 1932 ഡിസംബർ 28ന് ഇലവുംതിട്ട മൂലൂർ ഭവനത്തിൽ നിന്നും മഞ്ഞവസ്ത്രം ധരിച്ച് പദയാത്രികരായി ശിവഗിരയിലെത്തിയ അഞ്ച് തീർത്ഥാടകരാണ് ആദ്യ തീർത്ഥാടനത്തിന് തുടക്കം കുറിച്ചത്. തീർത്ഥാടകരുടെ എണ്ണം ക്രമേണ വർദ്ധിച്ച് ദശലക്ഷങ്ങളായി. മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ തീർത്ഥാടനം ഓൺലൈനിൽ വെർച്വലായി നടത്തേണ്ടി വന്നത്. ലോകമെമ്പാടുമുള്ള ഗുരുദേവഭക്തർ സഹകരിക്കണമെന്ന് ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അഭ്യർത്ഥിച്ചു.