കൊച്ചി: ത്രികക്ഷികരാർ ലംഘനം നടത്തുന്ന ട്രക്കുടമകൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന് ട്രേഡ് യൂണിയനുകൾ ലേബർ ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടു. കണ്ടെയ്നർ ടെർമിനൽ മേഖലയിലെ തൊഴിലാളികളുടെ ബോണസുമായി ബന്ധപ്പെട്ട് മേഖലാ ജോയിന്റ് ലേബർ കമ്മിഷണറുടെ നിർദേശ പ്രകാരം വിളിച്ചുചേർത്ത അനുരഞ്ജനയോഗം ട്രക്കുടമ സംഘടനാഭാരവാഹികൾ പങ്കെടുക്കാത്തതിനാൽ
പരാജയപ്പെട്ടു. കരാർ പ്രകാരം ഓണത്തിനുമുമ്പ് പകുതി ബോണസും ക്രിസ്മസിനുമുമ്പ് ബാക്കി വിഹിതവും നൽകാമെന്ന് തീരുമാനിച്ചെങ്കിലും ഇതുവരെയായിട്ടും നൽകിയിട്ടില്ല. ബോണസ് വിതരണം ചെയ്തിലെങ്കിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങാനാണ് യൂണിയനുകളുടെ തീരുമാനം. തുറമുഖത്തെ ചരക്കുനീക്കത്തിലെ കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.വല്ലാർപാടത്തെ ഗേറ്റിനുമുന്നിൽ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ഉന്നതതലയോഗം വിളിക്കണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ലേബർ ഓഫീസർ മിനോയ് ജെയിംസ് വിളിച്ചുചേർത്ത യോഗത്തിൽ ട്രേഡ് യൂണിയൻ നേതാക്കളായ ചാൾസ് ജോർജ്ജ്, കെ.വി മനോജ്, വി.എച്ച് ഷിഹാബൂദ്ദീൻ, ജോയി ജോസഫ്, എം ജമാൽകുഞ്ഞ്, എം രാജീവ്, ബി ഹംസക്കോയ എന്നിവർ പങ്കെടുത്തു.