
വെള്ളറട: കാടുകയറി നശിച്ച ആറാട്ടുകുഴി കുളത്തിന് ശാപമോക്ഷമായി. വർഷങ്ങളായി ഉപയോഗിക്കാതെ കാടുകയറി ഇഴജന്തുക്കളുടെയും കൊതുകിന്റെയും കേന്ദ്രമായി മാറിയിരിക്കുകയായിരുന്നു കുളം.
ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് കുളം നവീകരിച്ചത്. ഇതിൽ ഒന്നര ലക്ഷം രൂപ മൂന്നു വശത്തും കയർമേറ്റ് വിരിക്കാൻ ഉപയോഗിച്ചു. കരയിലെ കാടുമുഴുവൻ വെട്ടിതെളിച്ച് കയർമേറ്റ് വിരിച്ചതോടെ പരിസരം വൃത്തിയായി. കാടുകാരണം സമീപത്തെ വീടുകളിലെല്ലാം ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായിരുന്നു. ഇതിനാണ് ഒടുവിൽ പരിഹാരമായത്.
ലക്ഷങ്ങൾ ചെലവഴിച്ചെങ്കിലും കുളത്തിൽ വെള്ളം കെട്ടിനിറുത്താൻ കഴിയാത്ത അവസ്ഥയാണ്. ചോർച്ചയ്ക്ക് പരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ല. പ്രശ്ന പരിഹാരത്തിനായി കുളത്തിന്റെ റോഡിനേട് ചേർന്നുള്ള ഭാഗത്ത് ഇടിഞ്ഞുകിടക്കുന്ന കല്ലുകെട്ടുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് 4 ലക്ഷം രൂപയ്ക്ക് ടെൻഡർ വിളിച്ചിട്ടുണ്ട്. വർഷങ്ങളായുള്ള കുളത്തിന്റെ ശോച്യാവസ്ഥയെ കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അധികൃതർ ഉണർന്നത്.