
കൊല്ലം: കാർ തടഞ്ഞുനിറുത്തി യാത്രക്കാരെ വലിച്ചിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ട് കൊല്ലം പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജ് ഡോണി വർഗീസ് തോമസ് ശിക്ഷ വിധിച്ചു. നെടുമ്പന കുളപ്പാടം മുടിച്ചിറ ചരുവിള വീട്ടിൽ ഫൈസൽ (29), കുളപ്പാടം വയലിക്കട ചരുവിള വീട്ടിൽ നജീം (34), സഹോദരൻ നുജ്ജും (30), കുളപ്പാടം പുത്തൻകട സലിം മൻസിലിൽ സലിം (32) എന്നിവരെയാണ് നാല് വർഷവും മൂന്ന് മാസവും തടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്.
2013 ആഗസ്റ്റ് 29ന് പള്ളിമൺ ഹയർ സെക്കൻഡറി സ്കൂളിന് സമീപം നാരായണ നിലയത്തിൽ സന്ദീപിനെയാണ് (37) ആറുപേർ ചേർന്ന സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. സന്ദീപ് സുഹൃത്തുക്കളുമായി കാറിൽ മടങ്ങിവരെവേ നല്ലില കിഴങ്ങുവിള ജംഗ്ഷനിൽ മൂന്ന് ബൈക്കുകളിലും പിക്കപ്പ് വാനിലുമായി വന്ന പ്രതികൾ കാർ തടഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. കേസിലെ ഒന്നും ആറും പ്രതികൾ ഒളിവിലാണ്. അവർക്കെതിരെയുള്ള കേസ് പ്രത്യേകമായി വിചാരണ ചെയ്യാനും കോടതി ഉത്തരവായി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദും പി.ബി. സുനിലും ഹാജരായി.