
പേരൂർക്കട: കല്യാണവീടിനുനേരേ ബോംബെറിയുകയും യുവാവിനെയും അമ്മയെയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികൾ പേരൂർക്കട പൊലീസിന്റെ പിടിയിലായി. പട്ടം സ്വദേശി സാം ഡേവിഡ് (33), ചെന്നിലോട് സ്വദേശി ജിജോ ജേക്കബ് (26) എന്നിവരാണ് പിടിയിലായത്. 3 മാസത്തിനു മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. അഞ്ചുപേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
പട്ടം എൽ.ഐ.സിക്ക് സമീപത്തുള്ള സുഹൃത്തിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് പ്രതികൾ എത്തിയത്. തിരിച്ചുപോകുന്നതിനിടെ രാത്രി 7 ഓടെ ഇവർ സഞ്ചരിച്ച കാർ കേടായി. റോഡരിൽ നിന്ന വിവേക് എന്ന യുവാവിനോട് വാഹനം തള്ളിത്തരാൻ ഇവർ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ വിവേകിനെ സംഘം ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ യുവാവിന്റെ മാതാവിനെയും പ്രതികൾ കൈയേറ്റം ചെയ്തു.
രാത്രി വൈകി ബൈക്കിൽ തിരിച്ചെത്തിയ പ്രതികളിൽ ചിലർ കല്യാണ വീടിനുനേരേ ബോംബെറിയുകയും ചെയ്തു. സംഭവത്തിൽ രണ്ടുപേർ നേരത്തെ അറസ്റ്റിലായിരുന്നു. തമിഴ്‌നാട്ടിലെ തൃപ്പരപ്പ് ഭാഗത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് മറ്റ് പ്രതികൾ പിടിയിലായത്. അവസാന പ്രതിയായ കാപ്പിരി ജിതിൻ എന്ന ജിതിനാണ് ഇനി പിടിയിലാകാനുള്ളത്. പേരൂർക്കട പൊലീസ് ഇൻസ്‌പെക്ടർ വി. സൈജുനാഥ്, എസ്.ഐമാരായ വി. സുനിൽകുമാർ, മോനിഷ്, ക്രൈം എസ്.ഐ സഞ്ചു ജോസഫ്, സി.പി.ഒമാരായ ഷംനാദ്, അനീഷ്, രാംകുമാർ, പ്രസന്നൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.