arif-mohammad-khan

തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമ ഭേദഗതികൾക്കെതിരായ രാഷ്ട്രീയ വിമർശനം നയപ്രഖ്യാപനത്തിന്റെ കരടിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ. ഇതോടെ, ഗവർണർ എന്തു നിലപാട് സ്വീകരിക്കുമെന്നത് ആകാംക്ഷയുണർത്തുന്നു. കഴിഞ്ഞ വർഷം പൗരത്വനിയമ ഭേദഗതിക്കെതിരായ രാഷ്ട്രീയവിമർശനം നയപ്രഖ്യാപനത്തിന്റെ കരടിലുൾപ്പെടുത്തിയത് കോലാഹലം സൃഷ്ടിച്ചിരുന്നു.

ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിലാണ് ഒരു ഖണ്ഡിക കാർഷിക നിയമഭേദഗതികൾക്കെതിരായ വിമർശനത്തിനായി നീക്കിവച്ചിരിക്കുന്നത്. രാജ്യത്തെ കർഷകരെ ദോഷകരമായി ബാധിക്കുന്ന നിയമഭേദഗതിയിൽ സംസ്ഥാനത്തിനും ആശങ്കയുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിമർശനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

31ന് പ്രത്യേക സഭാസമ്മേളനം ചേരണമെന്ന ആവശ്യത്തിൽ ഗവർണറുടെ പ്രതികരണത്തിലേക്കും സർക്കാർ ഉറ്റുനോക്കുന്നു. അനുമതി നിഷേധിച്ചാൽ നിയമനടപടിയിലേക്ക് നീങ്ങാനാണ് തീരുമാനം.

31ന് ചേരാൻ നിശ്ചയിച്ചിരിക്കുന്ന നിയമസഭാ സമ്മേളനം പിരിഞ്ഞ ശേഷമാകും പുതുവർഷത്തെ സഭാസമ്മേളനം ചേരുന്നതിനായുള്ള ശുപാർശ മന്ത്രിസഭായോഗം ഗവർണർക്ക് കൈമാറുക. ജനുവരി എട്ടിന് തുടങ്ങുന്ന വിധത്തിൽ ചേരാനാണ് ധാരണയെങ്കിലും അന്തിമതീരുമാനം 31ന് ശേഷമേ ഉണ്ടാകൂ.

 വിയോജിപ്പ് പ്രഖ്യാപിച്ച് അന്ന് വായിച്ചു

പൗരത്വനിയമ ഭേദഗതിക്കെതിരായ വിമർശനം നയപ്രഖ്യാപന കരടിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗവർണർ തിരിച്ചയച്ചിരുന്നു. എന്നാൽ ആ ആവശ്യം തള്ളിയ മന്ത്രിസഭായോഗം അതേ പ്രസംഗം തന്നെ അംഗീകാരത്തിനായി വീണ്ടും അയച്ചു. രണ്ടാമതും മന്ത്രിസഭ അയച്ചാൽ അംഗീകരിക്കണമെന്നതിനാൽ ഗവർണർ അതംഗീകരിക്കുകയും നിയമസഭയിൽ വിയോജിപ്പ് പരസ്യമായി തന്നെ വ്യക്തമാക്കിക്കൊണ്ട് വിവാദ ഭാഗങ്ങൾ ഉൾപ്പെടെ വായിക്കുകയും ചെയ്തു.

വിയോജിപ്പുള്ള ഭാഗം വായിക്കാതെ വിടുകയെന്ന മാർഗം സ്വീകരിക്കാതെ വിയോജിപ്പ് സഭയ്ക്കകത്ത് പരസ്യമായി പ്രഖ്യാപിച്ച ആദ്യത്തെ കേരള ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ. ഇത്തവണയും സമാനമായ സാഹചര്യമാണ് മുന്നിൽ. വിയോജിപ്പുള്ള ഭാഗം വായിക്കാതെ വിടുമോ, അതോ സർക്കാരിനെ വിമർശിച്ച് രംഗത്ത് വരുമോ എന്നെല്ലാം കാത്തിരുന്ന് കാണേണ്ടതാണ്.