
തിരുവനന്തപുരം: സിസ്റ്റർ അഭയാ കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാ. തോമസ് കോട്ടൂരിനെ ഇന്നലെ പൂജപ്പുര സെൻട്രൽ ജയിലിൽ രണ്ട് ഡോക്ടർമാർ പരിശോധിച്ചു. അർബുദ രോഗിയായ അദ്ദേഹത്തിന് സ്ഥിരമായി കഴിക്കേണ്ട മരുന്നുകൾ വീട്ടിൽ നിന്നെത്തിച്ചു. ജയിൽ വെൽഫെയർ ഓഫീസർ ഇത് ഡോക്ടർക്ക് കൈമാറി. കോട്ടൂരിനെ ജയിലിലെ എട്ടാം ബ്ലോക്കിലാണ് പ്രവേശിപ്പിച്ചത്. പുതുതായി എത്തുന്ന തടവുകാരെ ഒരാഴ്ച ക്വാറന്റൈനിൽ പാർപ്പിക്കുന്നത് എട്ടാം ബ്ലോക്കിലാണ്. ക്വാറന്റൈൻ കാലാവധി കഴിയുമ്പോൾ കോട്ടൂരിനെ ശിക്ഷിക്കപ്പെട്ട തടവുകാരെ പാർപ്പിക്കുന്ന സെല്ലിലേക്ക് മാറ്റും. അട്ടക്കുളങ്ങര വനിതാ ജയിലിലെ പതിനഞ്ചാം നമ്പർ തടവുകാരിയായ സിസ്റ്റർ സെഫിക്കും ഇന്നലെ വൈദ്യപരിശോധന നടത്തി.