rrr

കൊല്ലം: ചാവരുകാവ് സുരേഷ് സൂരജിന് അണലിയെ കൊടുത്തത് താൻ കണ്ടെന്ന് ഉത്ര വധക്കേസിലെ ഏഴാം സാക്ഷിയായ എം.ബി.എ ബിരുദധാരിയും പാമ്പുകളെ പിടിക്കാൻ വനം വകുപ്പിനെ സഹായിക്കുകയും ചെയ്യുന്ന പ്രേംജിത്ത് ഇന്നലെ കോടതിയിൽ മൊഴി നൽകി.
2020 ഫെബ്രുവരി 26ന് ചാവരുകാവ് സുരേഷ് ആവശ്യപ്പെട്ട പ്രകാരം അടൂരിൽ പാമ്പിന്റെ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാൻ പോകും വഴിയായിരുന്നു കൈമാറ്റം. കാറിൽ ഡ്രൈവർ രാജു, സുഹൃത്ത് ലിജിൻ എന്നിവരോടൊപ്പമാണ് അടൂർ പറക്കോട്ടേക്ക് പോയത്. രാവിലെ ആറോടെ അവിടെ എത്തിയപ്പോൾ സൂരജ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. സുരേഷ് ബോധവത്കരണത്തിനായി പ്ലാസ്റ്റിക് ജാറിൽ സൂക്ഷിച്ചിരുന്ന അണലിയെ സൂരജിന് കൊടുത്തു. തിരിച്ചുവന്നപ്പോൾ സൂരജിനെ വീണ്ടും കണ്ടു. അവിടെ വച്ച് സൂരജ് പാമ്പിനെ കൈകാര്യം ചെയ്യുന്ന വീഡിയോ ഫോണിൽ ചിത്രീകരിച്ച് നൽകി.

അഞ്ചലിൽ ഒരു പെൺകുട്ടി പാമ്പു കടിയേറ്റു മരിച്ച വിവരം വന്ന് മൂന്നു ദിവസം കഴിഞ്ഞപ്പോൾ സുരേഷ് പരിഭ്രാന്തനായി വിളിച്ച് ഉടനെ കാണണമെന്ന് പറഞ്ഞു. പാമ്പിനെ കൊടുത്ത വീട്ടിലെ പെൺകുട്ടിയാണ് മരിച്ചതെന്നും അവൻ ആ കൊച്ചിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതാണെന്നും പറഞ്ഞു. ഒരണലിയെ അല്ലേ അന്ന് കൊടുത്തതെന്ന് ചോദിച്ചപ്പോൾ അതിനുശേഷം ഒരു മൂർഖനെയും കൊടുത്തിരുന്നുവെന്നും ആ മഹാപാപി അതിനെ കൊണ്ടാണ് ആ കൊച്ചിനെ കൊന്നതെന്നും സുരേഷ് പറഞ്ഞു. പാമ്പിനെ കൊടുത്ത വിവരം പുറത്തുപറഞ്ഞാൽ സുരേഷും കേസിൽ പ്രതിയാകുമെന്നും ഇല്ലെങ്കിൽ അത് സർപ്പ കോപമായി തീർന്നുകൊള്ളുമെന്നും സൂരജ് പറഞ്ഞു. വിവരം പൊലീസിൽ അറിയിക്കാൻ പറഞ്ഞപ്പോൾ വീട്ടിലെ പ്രാരാബ്ധവും തന്റെ രോഗാവസ്ഥയും സുരേഷ് പറഞ്ഞു.

പിന്നീടുള്ള ദിവസങ്ങളിൽ കുറ്റബോധം കാരണം കരഞ്ഞുകൊണ്ടാണ് സുരേഷ് സംസാരിച്ചത്. സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് പത്രത്തിലൂടെയാണ് വായിച്ചറിഞ്ഞതെന്നും പ്രേംജിത്ത് പറഞ്ഞു. സൂരജ് പാമ്പിനെ കൈകാര്യം ചെയ്യുന്ന വീഡിയോ എടുത്ത മൊബൈൽ പ്രേംജിത്ത് കോടതിയിൽ തിരിച്ചറിഞ്ഞു. ജനുവരി ഒന്നിന് അടൂരിലെ പ്രതിയുടെ സുഹൃത്തുക്കളായ പ്രശാന്ത്, അനന്തകൃഷ്ണൻ, സുജിത്ത്, എൽദോസ് എന്നിവരെ സാക്ഷികളായി വിസ്തരിക്കും.