ananthan

മലയിൻകീഴ്: കരമനയാറ്റിൽ കുളിക്കാനിറങ്ങിയ 6 അംഗ സുഹൃത് സംഘത്തിലെ രണ്ട് പേർ മുങ്ങി മരിച്ചു. പെരുകാവ് 'നന്ദന'ത്തിൽ എൻ.വാസുദേവൻ നായരുടെ മകൻ വിഷ്ണുദേവ്(19),തൈക്കാട് വലിയശാല എട്ടുവീട് ലെയിനിൽ ടി.സി 43-1248 'മക'ത്തിൽ സുധീർകുമാറിന്റെ മകൻ അനന്തൻ (19)എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 3.30 യോടെയായിരുന്നു അപകടം.

തൈവിള കണ്ടൻ ശാസ്താ ക്ഷേത്രത്തിന് സമീപത്തെ കുളിക്കടവിൽ കുളിക്കാനിറങ്ങിയ വിഷ്ണുദേവ് കാൽ വഴുതി വെള്ളത്തിൽ വീണ് താഴ്ന്ന് പോകുന്നത് കണ്ട അനന്തൻ രക്ഷിക്കാനിറങ്ങിയെങ്കിലും വെള്ളത്തിൽ മുങ്ങുകയായിരുന്നു.കരയിലിരുന്ന മറ്റ് സുഹൃത്തുക്കളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കരക്കെടുത്തപ്പോൾ ഇരുവരും അബോധാവസ്ഥയിലായിരുന്നു. മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി 108 ആംബുലൻസിൽ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.അനന്തൻ എം.ജി കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയും, വിഷ്ണുദേവ് നൂറുൽ ഇസ്ലാം കോളേജിലെ പാരാമെഡിക്കൽ വിദ്യാർത്ഥിയുമാണ്.

മരിച്ച രണ്ട് യുവാക്കളും സ്കൂൾ പഠനകാലം മുതൽ സുഹൃത്തുക്കളായിരുന്നു. വിഷ്ണുദേവിന്റെയും അനന്തന്റെയും മൃതദേഹം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഇവർ മരിച്ച സ്ഥലം വലിയ കയമാണെന്നും ,ഇവിടെ ഇതിന് മുമ്പ് 3 പേർ രണ്ട് വ‍ർഷത്തിനിടയിൽ മുങ്ങി മരിച്ചിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. വിഷ്ണുദേവിന്റെ മാതാവ് : അജിത.സഹോദരൻ വിശ്വദേവ്. അനന്തന്റെ ​മാതാവ് അർച്ചന.