1

തിരുവനന്തപുരം: തിരികെ വരാം അമ്മേയെന്ന് പറഞ്ഞിട്ട് പോയ തന്റെ മകൻ ഇനി വരില്ലെന്ന കാര്യം വിശ്വസിക്കാനാകാതെ കരമനയാറ്റിൽ മുങ്ങിമരിച്ച വലിയശാല സ്വദേശി അനന്തന്റെ കുടുംബം.

വലിയശാല എട്ടുവീട് ലൈൻ മകത്തിൽ സുധീർകുമാറും ഭാര്യ അർച്ചനയും ഏകമകനെ നഷ്ട്ടപ്പെട്ടത് ഇനിയും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ്. ഇന്നലെ വൈകിട്ട് 3.30നാണ് നാടിനെ വിറങ്ങലിപ്പിച്ച അപകടമുണ്ടായത്. സുഹൃത്തായ പെരുകാവ് 'നന്ദന'ത്തിൽ വിഷ്ണുദേവ് വെള്ളത്തിൽ മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു അനന്തൻ. ഇതിനിടെയാണ് രണ്ടുപേരും അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കൾ ബഹളം വച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് വിഷ്ണുവിനേയും അനന്തനേയും കരയ്ക്കെത്തിച്ചത്.

തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരെും രക്ഷിക്കാനായില്ല. അനന്തന് നീന്തൽ അറിയില്ലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മാസത്തിലൊരിക്കലെങ്കിലും മലയിൻകീഴുള്ള കൂട്ടുകാരന്റെ വീട്ടിൽ അനന്തൻ പോകുമായിരുന്നു. ഇന്നലെയും പതിവുപോലെ പോയതാണ്. അപകടം നടക്കുന്നതിന് തൊട്ട് മുമ്പ് അനന്തൻ വീട്ടിലേക്ക് വിളിച്ച് വൈകിട്ട് 5ന് മുമ്പ് എത്തുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വന്നത് മരണവാർത്തയാണ്. അനന്തന്റെ വിയോഗ വാർത്തയറിഞ്ഞ് സുഹൃത്തുക്കളും അനന്തന്റെ നാടായ വലിയശാലയും ഞെട്ടലിലാണ്. എന്നും പുഞ്ചിരിയോടെ കാണുന്ന അനന്തന്റെ മുഖം ഇനി കാണാനാവില്ലല്ലൊയെന്ന് വേദനയിലാണ് എല്ലാവരും.നാലാഞ്ചിറ എം.ജി കോളേജിലെ രണ്ടാം വർഷ ബി.കോം ബിരുദ വിദ്യാർത്ഥിയാണ് അനന്തൻ.